സുരേഷ് കുറുപ്പിനെയും സിന്ധു ജോയിയെയും സിപിഎം വഞ്ചിച്ചു: ചെറിയാൻ ഫിലിപ്പ്
Wednesday, January 8, 2025 6:28 PM IST
തിരുവനന്തപുരം: എസ്എഫ്ഐ യുടെ ഗ്ലാമർ താരങ്ങളായിരുന്ന സുരേഷ് കുറുപ്പിനെയും സിന്ധു ജോയിയെയും സിപിഎം നേതൃത്വം ക്രൂരമായി വഞ്ചിക്കുകയാണുണ്ടായതെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. സംഘടനാ രംഗത്തെ തുടർച്ചയായ അവഗണനയിൽ പ്രതിഷേധിച്ചാണ് സുരേഷ് കുറുപ്പ് സിപിഎം കോട്ടയം ജില്ലാ കമ്മറ്റിയിൽ നിന്ന് ഇപ്പോൾ സ്വയം ഒഴിവായത്.
1984 ൽ ഇന്ദിരാ ഗാന്ധിയുടെ വധത്തിനു ശേഷം കോൺഗ്രസ് തരംഗത്തിൽ കേരളത്തിലെ 20 ലോക്സഭാ സീറ്റിൽ 19-ഉം യുഡിഎഫ് നേടിയപ്പോൾ കോട്ടയത്ത് എസ്എഫ്ഐ പ്രസിഡന്റായ സുരേഷ് കുറുപ്പ് അട്ടിമറി വിജയം നേടിയത് താരപ്പൊലിമ കൊണ്ടാണ്. യുഡിഎഫ് കോട്ടയായ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ നാലുതവണയും ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ രണ്ടു തവണയും കുറുപ്പ് വിജയിച്ചത് അദ്ദേഹത്തിന്റെ ജനപിന്തുണ കൊണ്ടുമാത്രമാണ്.
2016-ൽ തന്നേക്കാൾ ജൂനിയറായ സ്വസമുദായക്കാരായ പി.ശ്രീരാമകൃഷ്ണൻ സ്പീക്കറായപ്പോഴും, സി. രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായപ്പോഴും കുറുപ്പിന് നിയമസഭയിലെ പിൻനിരയിൽ ദുഃഖം കടിച്ചമർത്തി ഇരിക്കേണ്ടി വന്നു. താൻ സിപിഎം ജില്ലാ കമ്മറ്റിയിൽ അംഗമായപ്പോൾ പാർട്ടിയിൽ അംഗമല്ലാതിരുന്ന പലരും ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും മന്ത്രിസഭയിലും ഇരിക്കുമ്പോൾ ഒരു സംസ്ഥാന കമ്മറ്റി അംഗത്വം പോലും സുരേഷ് കുറുപ്പിന് നൽകിയില്ല -ചെറിയാൻ ഫിലിപ്പ് പറയുന്നു.
സ്വാശ്രയ വിദ്യാഭാസസമര വേളയിൽ എസ്എഫ്ഐ പ്രസിഡണ്ടായിരുന്ന സിന്ധു ജോയിക്ക് പോലീസ് ഗ്രനേഡ് ആക്രമണത്തിൽ കാലൊടിഞ്ഞ് മാസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നിട്ടുണ്ട്. സമര പോരാളിയെന്ന നിലയിൽ ഏറ്റവുമധികം ജയിൽവാസം അനുഭവിച്ച വനിതയും സിന്ധു ജോയിയാണ്. എറണാകുളം ലോക്സഭാ മണ്ഡലത്തിലും പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലും ചാവേറാക്കിയ സിന്ധുവിന് ജയസാധ്യതയുള്ള ഒരു സീറ്റും പിന്നീട് നൽകിയില്ല.
അതേസമയം, കോളജ് അദ്ധ്യാപികയായിരുന്ന ടി.എൻ. സീമയ്ക്ക് മഹിളാ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്, സിപിഎം സംസ്ഥാന കമ്മറ്റിയംഗം, രാജ്യസഭാംഗം എന്നീ സ്ഥാനങ്ങൾ ത്രിബിൾ പ്രമോഷനായി ഒറ്റയടിക്ക് നൽകിയപ്പോൾ സിന്ധുവിന് ഡിവൈഎഫ്ഐ ഭാരവാഹിത്വം പോലും നൽകിയില്ല. മാതാപിതാക്കളോ കുടുംബമോ ഇല്ലാതിരുന്ന തീർത്തും അനാഥയായ സിന്ധു മനം നൊന്താണ് സിപിഎം വിട്ടതും പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ച് വിവാഹിതയായി യു.കെ.യിലേക്ക് പോയതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.