ഹാമിൽട്ടണിൽ കിവീസിന് 113 റൺസ് ജയം, പരമ്പര; ലങ്കയ്ക്ക് ആശ്വാസമായി തീക്ഷണയുടെ ഹാട്രിക്
Wednesday, January 8, 2025 3:22 PM IST
ഹാമിൽട്ടൺ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ന്യൂസിലൻഡ്. ഹാമിൽട്ടണിൽ നടന്ന രണ്ടാം ഏകദിനത്തിൽ 113 റൺസിനായിരുന്നു ആതിഥേയരുടെ വിജയം. മഴ മൂലം 37 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 142 റൺസിനു പുറത്തായി.
അർധസെഞ്ചുറി നേടിയ കമിന്ദു മെൻഡിസ് (64) ആണ് ലങ്കൻ നിരയിൽ ടോപ് സ്കോറർ. അതേസമയം, അവിഷ്ക ഫെർണാണ്ടോ (10), ജനിത് ലിയാനഗെ (22), ചമിദു വിക്രമസിംഗെ (17) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.
ന്യൂസിലൻഡിനു വേണ്ടി വില്യം ഒറൂർക്കെ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ ജേക്കബ് ഡഫി രണ്ടും മാറ്റ് ഹെൻറി, നഥാൻ സ്മിത്ത്, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, സെഡൻ പാർക്കിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് അർധസെഞ്ചുറി നേടിയ രചിൻ രവീന്ദ്രയുടെയും മാർക്ക് ചാപ്മാന്റെയും കരുത്തിലാണ് മികച്ച സ്കോർ നേടിയത്. രചിൻ 63 പന്തിൽ ഒമ്പതു ബൗണ്ടറികളും ഒരു സിക്സറുമടക്കം 79 റൺസെടുത്തപ്പോൾ ചാപ്മാൻ 52 പന്തിൽ അഞ്ചു ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 62 റൺസെടുത്തു.
ഡാരിൽ മിച്ചൽ (38), ഗ്ലെൻ ഫിലിപ്സ് (22), മിച്ചൽ സാന്റ്നർ (20) എന്നിവരും തരക്കേടില്ലാത്ത സംഭാവനകൾ നല്കി.
അതേസമയം, ചരിത്ര ഹാട്രിക് സ്വന്തമാക്കിയ മഹീഷ് തീക്ഷണയുടെ ബൗളിംഗാണ് തോൽവിയിലും ലങ്കയ്ക്ക് ആശ്വാസമായത്. കിവീസ് നായകൻ മിച്ചല്‍ സാന്റ്നറെയും നഥാന്‍ സ്മിത്തിനെയും മാറ്റ് ഹെന്റിയെയും പുറത്താക്കിയാണ് തീക്ഷണ ഹാട്രിക് നേട്ടത്തിലെത്തിയത്. ഇതുൾപ്പെടെ നാലുവിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇതോടെ, ഏകദിനത്തിൽ ഹാട്രിക് നേടുന്ന ഏഴാമത്തെ ലങ്കൻ ബൗളറായി തീക്ഷണ.