ലോസ് ആഞ്ചലസില്‍ കാട്ടുതീ പടർന്നു, മുപ്പതിനായിരം പേരെ ഒഴിപ്പിച്ചു
Wednesday, January 8, 2025 12:16 PM IST
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസില്‍ കാട്ടുതീ പടർന്നു. 2,921 ഏക്കറോളം വരുന്ന പ്രദേശത്താണ് തീപടരുന്നത്. അപകടത്തെ തുടർന്ന് വീടുകളടക്കം 13,000 കെട്ടിടങ്ങൾ ഭീഷണിയിലാണ്.
മുപ്പതിനായിരം പേരെ അപകടം നടന്ന സ്ഥലത്തുനിന്ന് ഒഴിപ്പിച്ചെന്നാണ് പ്രാഥമിക വിവരം. ഇതുവരെ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് ലോസ് ആഞ്ചലസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഭയാനകമായി പടർന്ന് പിടിച്ച തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ അപകട സ്ഥലത്ത് എത്തിയിരുന്നു. പ്രാദേശിക സമയം വൈകുന്നേരം 6:30 ഓടെയാണ് പസഫിക് പാലിസേഡ്സ് തീപിടിത്തമുണ്ടായത്.