മട്ടന്നൂരിൽ കാറും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു
Wednesday, January 8, 2025 10:33 AM IST
കണ്ണൂർ: മട്ടന്നൂർ ഉളിയിൽ കാറും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. ഉളിക്കല്‍ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. ബീനയുടെ മകൻ ആൽബിൻ, ഭർത്താവ് ബെന്നി എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്.
രാവിലെ എട്ടുമണിയോടെ സംസ്ഥാനപാതയില്‍ മട്ടന്നൂര്‍ - ഇരിട്ടി റൂട്ടില്‍ ഉളിയില്‍ പാലത്തിനു സമീപമാണ് അപകടം നടന്നത്. തലശേരി ഭാഗത്തേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരിക്കേ ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കർണാടക രജിസ്ട്രേഷനിലുള്ള കാർ നിയന്ത്രണംവിട്ട് ബസിലേക്ക് വന്നിടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
കാറില്‍ ആറുപേരാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അഗ്നിരക്ഷാസേന എത്തി കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.