ഹണി റോസിനെ പിന്തുണച്ച് ഡബ്ല്യുസിസി
Wednesday, January 8, 2025 12:01 AM IST
തിരുവനന്തപുരം: നടി ഹണി റോസിനെ പിന്തുണച്ച് വിമൻ ഇൻ സിനിമ കളക്ടീവ്(ഡബ്ല്യുസിസി). ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് അവൾക്കൊപ്പമെന്ന് കുറിച്ചാണ് ഡബ്ല്യുസിസി പിന്തുണ അറിയിച്ചിരിക്കുന്നത്.
മുന്പ് താരസംഘടനയായ അമ്മയും ഹണി റോസിന് പിന്തുണ നല്കുമെന്ന് അറിയിച്ചിരുന്നു. ഹണി റോസ് നൽകിയ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പോലീസ് കേസെടുത്തു.
സ്ത്രീത്വത്തെ അപമാനിച്ചതിന് എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. ഐടി ആക്ടും ചുമത്തിയിട്ടുണ്ട്. ഓഗസ്റ്റ് ഏഴിന് ബോബി ചെമ്മണ്ണൂരിന്റെ കണ്ണൂർ ആലക്കോട്ടെ ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോൾ ലൈംഗികാതിക്രമം നേരിട്ടെന്നും നടിയുടെ പരാതിയിൽ പറയുന്നു. കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് നടി പരാതി നൽകിയത്.