ആൾത്താമസമില്ലാത്ത വീട്ടിൽ തലയോട്ടി; ഫോറൻസിക്ക് പരിശോധന നടത്തും
Tuesday, January 7, 2025 9:36 PM IST
കൊച്ചി: ചോറ്റാനിക്കര പാലസ് സ്ക്വയറിലെ ആൾതാമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിൽനിന്നും കണ്ടെത്തിയ മനുഷ്യന്റെ തലയോട്ടിയും എല്ലിൻ കഷ്ണങ്ങളും വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക്കിന് കൈമാറി. പോലീസ് കസ്റ്റഡിയിലുള്ള അസ്ഥികൂട ഭാഗങ്ങളുടെ ഇൻക്വിസ്റ്റ് പരിശോധനകൾ തിങ്കളാഴ്ച പൂർത്തിയായിരുന്നു.
വൈറ്റിലയിൽ താമസിക്കുന്ന ഡോ. ഫിലിപ്പ് ജോണിന്റെ ഉടമസ്ഥതയിലുള്ള 15 വർഷത്തിലധികമായി ആൾ താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജി നിന്നും തിങ്കളാഴ്ച കവറുകളിലാക്കിയ നിലയിൽ തലയോട്ടിയും കൈയുടെയും കാൽപാദത്തിന്റെയും അസ്ഥികളും എല്ലിൻ കഷ്ണങ്ങളും കണ്ടെത്തിയത്.
വളരെ പഴക്കം ചെന്ന നിലയിലായിരുന്നു അസ്ഥിക്കഷ്ണങ്ങളും മറ്റും. അസ്ഥിക്കഷ്ണങ്ങളിൽ ലാബ് ആവശ്യങ്ങൾക്കും മറ്റുമുള്ള രീതിയിൽ മാർക്കിംഗുകൾ കണ്ടെത്തിയിരുന്നു. 15 ഏക്കറോളം വരുന്ന കാടുമൂടിയ നിലയിലുള്ള വീട്ടുവളപ്പ് സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്നു.
തിങ്കളാഴ്ച്ച രാവിലെ സംഘം ചേർന്നുള്ള മദ്യപാനം സ്ഥലത്ത് നടന്നു. ഇതോടെ വാർഡ് അംഗം പോലീസിൽ പരാതി നൽകി. തുടർന്നു നടത്തിയ പരിശോധനയിലാണ് മനുഷ്യ അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ പോലീസ് കണ്ടെത്തിയത്.