ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂരിനെതിരെ പോലീസ് കേസെടുത്തു
Tuesday, January 7, 2025 7:41 PM IST
കൊച്ചി: അശ്ലീല പരാമർശം നടത്തിയെന്ന് ആരോപിച്ച് നടി ഹണി റോസ് നൽകിയ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. ഐടി ആക്ടും ചുമത്തിയിട്ടുണ്ട്.
ഓഗസ്റ്റ് ഏഴിന് ബോബി ചെമ്മണ്ണൂരിന്റെ കണ്ണൂർ ആലക്കോട്ടെ ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോൾ ലൈംഗികാതിക്രമം നേരിട്ടെന്നും നടിയുടെ പരാതിയിൽ പറയുന്നു. കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് നടി പരാതി നൽകിയത്.
ജ്വല്ലറി ഉദ്ഘാടനത്തിനിടയിൽ ഉടമ നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങൾക്കും കമന്റുകൾക്കുമെതിരെ നടി നേരത്തെ പരസ്യമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ രൂക്ഷമായ സൈബർ അധിക്ഷേപം നടന്നു.
പിന്നാലെ നടി പോലീസിനെ സമീപിക്കുകയും അശ്ലീല കമന്റിട്ടവർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ആദ്യം നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതിപ്പെട്ടിരുന്നില്ല.
പിന്നീടാണ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതിയുമായി നടി രംഗത്ത് എത്തിയത്. മാസങ്ങള്‍ക്ക് മുൻപാണ് ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങ് നടന്നത്. തനിക്കെതിരെ ഇപ്പോൾ പരാതിയുമായി വരാൻ എന്താണ് കാരണമെന്ന് അറിയില്ലെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.