അശ്ലീല പരാമർശം; ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നൽകി
Tuesday, January 7, 2025 6:44 PM IST
കൊച്ചി: ബോബി ചെമ്മണ്ണൂർ അശ്ലീല പരാമർശം നടത്തിയെന്ന് ആരോപിച്ച് നടി ഹണി റോസ് പോലീസിൽ പരാതി നൽകി. ഓഗസ്റ്റ് ഏഴിന് ബോബി ചെമ്മണ്ണൂരിന്റെ കണ്ണൂർ ആലക്കോട്ടെ ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോൾ ലൈംഗികാതിക്രമം നേരിട്ടെന്നും പരാതിയിൽ പറയുന്നു.
കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് നടി പരാതി നൽകിയത്. പിന്നീട് ഇക്കാര്യം തന്റെ ഇൻസ്റ്റഗ്രാമിലൂടെ നടി വെളിപ്പെടുത്തി. ബോബി ചെമ്മണ്ണൂർ താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ളീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്.
താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കുട്ടാളികൾക്കെതിരെയുള്ള പരാതികൾ പിന്നാലെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു എന്നാണ് ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റില്‍ പറയുന്നത്.
എഡിജിപി മനോജ് ഏബ്രഹാം, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ എന്നിവരെ നടി നേരിട്ടു കണ്ടിരുന്നു. ഇവരുടെ നിർദേശപ്രകാരമാണു പരാതി നൽകാൻ തീരുമാനിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണു സെൻട്രൽ സ്റ്റേഷനിലെത്തിയാണ് പരാതി കൈമാറിയത്.
ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് രജിസ്റ്റർ ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഹണി റോസ് ഫെയ്സ്ബുക്കിലിട്ട കുറിപ്പിനു താഴെ അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയ 30 പേർക്കെതിരെ നേരത്തെ പോലീസ് കേസെടുക്കുകയും ഒരാൾ അറസ്റ്റിലാവുകയും ചെയ്തിരുന്നു.