ആംബുലൻസ് സേവനവുമായി സൊമാറ്റോ
എസ്.ആർ. സുധീർ കുമാർ
Tuesday, January 7, 2025 5:28 PM IST
കൊല്ലം: രാജ്യത്തെ മുൻനിര ഫുഡ് ഡെലിവറി സേവന ദാതാക്കളായ സൊമാറ്റോ ആംബുലൻസ് സർവീസ് രംഗത്തേയ്ക്കും ചുവടുറപ്പിക്കുന്നു. സോമാറ്റോ അടുത്തിടെ ഏറ്റെടുത്ത ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായാ ബ്ലിങ്ക് ഇറ്റ് ആണ് ആംബുലൻസ് സേവനം നൽകുന്നത്.
ഡൽഹി-ഹരിയാന അതിർത്തിയിലെ ഐടി നഗരമായ ഗുഡ്ഗാവിൽ കഴിഞ്ഞ ദിവസം അഞ്ച് ആംബുലൻസുകൾ പുറത്തിറക്കി ബ്ലിങ്ക് ഇറ്റ് സേവനത്തിന് തുടക്കം കുറിച്ചു. ആവശ്യക്കാർക്ക് 10 മിനിറ്റിനുള്ളിൽ ആംബുലൻസ് സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി. ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസുകൾ ലഭിക്കാൻ ബ്ലിങ്ക് ഇറ്റ് ആപ്പ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
വരുന്ന രണ്ട് വർഷത്തിനുള്ളിൽ ഈ ആംബുലൻസ് സേവനം രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ലഭ്യമാക്കുമെന്ന വിവരം ബ്ലിങ്ക് ഇറ്റ് അധികൃതർ സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ചു. അടിയന്തിര വൈദ്യസഹായം ഏറ്റവും കുറഞ്ഞ നിരക്കിൽ സാധാരണക്കാർ അടക്കം എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ഇതു വഴി സൊമാറ്റോയും ബ്ലിങ്ക് ഇറ്റും ലക്ഷ്യമിടുന്നത്.
ആംബുലൻസുകളിൽ ഓക്സിജൻ സിലിണ്ടറുകൾ, ഓട്ടോമാറ്റിക് എക്സ്റ്റേണൽ ഡിഫ്രിബിലേറ്റർ, സ്ട്രെച്ചർ, മോണിറ്റർ, സക്ഷൻ മെഷീനുകൾ, അത്യാവശ്യ മരുന്നുകൾ, കുത്തിവയ്പ്പുകൾ എന്നിവ അടക്കമുള്ള അവശ്യ ജീവൻരക്ഷാ സംവിധാനങ്ങൾ എല്ലാം സജ്ജീകരിച്ചിട്ടുണ്ട്.
ഓരോ ആംബുലൻസിലും വിദഗ്ധ പരിശീലനം ലഭിച്ച പ്രഫഷണലുകളായ പാരാമെഡിക്കൽ സ്റ്റാഫും ഡ്രൈവറും ഉണ്ടാകും. 24 മണിക്കൂറും സേവനം ലഭ്യമാണ്. ബ്ലിങ്ക് ഇറ്റ് ഗ്രോസറികൾ ഡെലിവറി ചെയ്തിരുന്നത് ക്വിക്ക് എന്ന പേരിലായിരുന്നു. അതിവേഗ സേവനം എന്നായിരുന്നു ഇതുവഴിയുള്ള വാഗ്ദാനം.
സമാനമായ രീതിയിൽ ദ്രുതഗതിയിൽ മെഡിക്കൽ സേവനവും ലഭ്യമാക്കുന്നതാണ് ആംബുലൻസ് സർവീസ്. ഫുഡ് ആന്റ് ഗ്രോസറി സേവനദാതാക്കൾ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുന്നത് ലോകത്ത് തന്നെ ആദ്യത്തേതാണെന്ന് ബ്ലിങ്ക് ഇറ്റ് അധികൃതർ അവകാശപ്പെട്ടു.