പുല്പള്ളിയില് കടുവയിറങ്ങി; കൂട് സ്ഥാപിച്ചു
Tuesday, January 7, 2025 5:02 PM IST
കൽപ്പറ്റ: പുൽപള്ളിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചു. അമരക്കുനിയിലെ ജോസഫ് എന്ന കര്‍ഷകന്റെ ആടിനെ കൊന്നത് കടുവയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതോട പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിർദേശം നൽകി.
തനിച്ച് പുറത്തിറങ്ങരുതെന്നും പരിസരങ്ങളില്‍ എപ്പോഴും ശ്രദ്ധയുണ്ടാവണമെന്നും വനംവകുപ്പ് അധികൃതർ പ്രദേശവാസികൾക്ക് നിർദേശം നൽകി. കഴിഞ്ഞ ദിവസം രാത്രിയാണ് ആടിനെ കടുവ കൊന്നത്. കടുവ പരിസരത്ത് തന്നെയുണ്ടെന്നാണു നാട്ടുകാർ പറയുന്നത്.
കൂട് സ്ഥാപിച്ചിട്ടുള്ളതുകൊണ്ട് കടുവ എത്രയും പെട്ടെന്ന് കുടുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വനംവകുപ്പിന്റെ പ്രത്യേക സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.