പുല്ലുപാറ അപകടം; ബസിന്റെ ബ്രേക്കിന് തകരാര്‍ ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്
Tuesday, January 7, 2025 3:49 PM IST
ഇടുക്കി: പുല്ലുപാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേര് മരിച്ച അപകടത്തില്‍ വാഹനത്തിന്റെ ബ്രേക്കിന് തകരാര്‍ ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തില്‍ സ്പീഡ് ഗവര്‍ണര്‍ ഉണ്ടായിരുന്നെന്നും എംവിഡി അറിയിച്ചു.
ഇടുക്കി എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ കെ.കെ.രാജീവ്, വണ്ടിപ്പെരിയാര്‍ ജോയിന്റ് ആര്‍ടിഒ ടി.എം.ഇബ്രാഹിംകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തിങ്കളാഴ്ച രാത്രി തന്നെ അപകടസ്ഥലത്തുനിന്ന് ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയിരുന്നു.
കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് മാറ്റി ബസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. കുറഞ്ഞ ഗിയറിലാണോ ബസ് ഇറക്കം ഇറങ്ങിവന്നതെന്ന് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.
കുട്ടിക്കാനം പുല്ലുപാറ കള്ളിവയലില്‍ എസ്റ്റേറ്റിനു സമീപം തിങ്കളാഴ്ച രാവിലെ ആറോടെയായിരുന്നു അപകടമുണ്ടായത്. മാവേലിക്കര സ്വദേശികളായ നാലുപേരാണ് മരിച്ചത്. ബസിന്റെ ബ്രേക്ക് പോയി നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനു കാരണമായതെന്നായിരുന്നു ഡ്രൈവറുടെ മൊഴി.