നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം: പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ
Tuesday, January 7, 2025 12:36 PM IST
പത്തനംതിട്ട: ചുട്ടിപ്പാറയിൽ നഴ്സിംഗ് വിദ്യാർഥിനിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു എസ്. സജീവ്(22) ജീവനൊടുക്കിയ സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ.
ചുട്ടിപ്പാറ നഴ്സിംഗ് കോളജ് പ്രിൻസിപ്പലായിരുന്ന അബ്ദുൽ സലാം, വൈസ് പ്രിൻസിപ്പൽ സജി ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പ്രിൻസിപ്പലിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
അമ്മുവിന്റെ മരണത്തിൽ പ്രിൻസിപ്പലിന് അടക്കം ഉത്തരവാദിത്തം ഉണ്ടെന്ന കുടുംബത്തിന്റെ ആരോപണം ആരോഗ്യ സർവകലാശാലയുടെ അന്വേഷണ സമിതി പരിശോധിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ നവംബര്‍ 15നാണ് അമ്മു സജീവന് താഴേവെട്ടിപ്രത്തെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കുള്ള യാത്രയ്ക്കിടെയാണ് അമ്മു മരിച്ചത്.
അസ്വാഭാവിക മരണത്തിനു കേസെടുത്ത പത്തനംതിട്ട പോലീസ് സഹപാഠികളുടെയും അധ്യാപകരുടേയും അമ്മുവിന്റെ രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.