കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ
Tuesday, January 7, 2025 8:55 AM IST
കോഴിക്കോട്: കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തിൽ പ്രതി കോഴിക്കോട്ട് പിടിയിൽ. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫ ആണ് പിടിയിലായത്.
കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കര്‍ണാടകയിലെ ഹാസനിലേക്ക് പോവുകയായിരുന്നു ബസ്. എടപ്പാളില്‍ നിന്നാണ് പ്രതി ബസില്‍ കയറിയത്. എറണാകുളത്ത് നിന്നാണ് യുവതി ബസില്‍ യാത്ര പുറപ്പെട്ടത്.
ഇവരുടെ സമീപത്തിരുന്ന പ്രതി, ബസില്‍ കയറിയപ്പോള്‍ മുതല്‍ യുവതിയെ ശല്യപ്പെടുത്തുകയായിരുന്നു. ബസ് കോഴിക്കോട്ട് എത്തിയപ്പോള്‍ ഇവർ ബഹളം വെച്ചതോടെ, മറ്റു യാത്രക്കാരും ബസിലെ ജീവനക്കാരും ഇടപെട്ടു.
ഇതോടെ ബസ് നേരേ നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷം പ്രതിയെ കൈമാറുകയായിരുന്നു. ഇയാൾക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.