ചത്തീസ്ഗഡിലെ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; മുഖ്യപ്രതി പിടിയിൽ
Tuesday, January 7, 2025 6:13 AM IST
റായ്പുർ: ചത്തീസ്ഗഡില്‍ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. കൊലപാതകം ആസൂത്രണം ചെയ്ത സുരേഷ് ചന്ദ്രാകര്‍ ആണ് അറസ്റ്റിലായത്.
ഹൈദരാബാദില്‍ നിന്നാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടത് അതിക്രൂരമായാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
11 അംഗ പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലിലാണ് മുഖ്യപ്രതിയായ കരാറുകാരന് സുരേഷ് ചന്ദ്രാകറിനെ ഹൈദരാബാദില്‍ വച്ച് പിടികൂടിയത്.
ഹൈദരാബാദിലെ ഡ്രൈവറുടെ വസതിയില്‍ സുരേഷ് ഒളിവില്‍ കഴിയുന്നതിനിടയിലാണ് പിടിയിലായത്. ഇയാളെ കണ്ടെത്താന്‍ പോലീസ് 200 സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുകയും 300 ഓളം മൊബൈല്‍ നമ്പറുകള്‍ നിരീക്ഷിക്കുകയും ചെയ്തു.
അതിക്രൂരമായാണ് മാധ്യമപ്രവര്ത്തകന് മുകേഷ് ചന്ദ്രക്കാര്‍ കൊല്ലപ്പെട്ടതെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന് പോസ്റ്റ് റിപ്പോര്‍ട്ട്. തലയില്‍ 15 മുറിവുകള്‍ അടക്കം മറ്റെല്ലാ ശരീരഭാഗങ്ങളിലും ക്രൂരമായ വിധത്തില്‍ പരിക്കേല്‍പ്പിക്കപ്പെട്ടിരുന്നെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇരുമ്പു വസ്തു ഉപയോഗിച്ച് തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചത്തീസ്ഗഡിലെ ബസ്തര്‍ ഡിവിഷനില്‍ കരാറുകാരന് സുരേഷ് ചന്ദ്രക്കറിന്റെ ഉടമസ്ഥതയിലുള്ള ഷെഡിലെ സെപ്റ്റിക് ടാങ്കില്‍ കഴിഞ്ഞയാഴ്ചയാണ് മുകേഷ് ചന്ദ്രാകറിന്റെ മൃതദേഹം കണ്ടെത്തിയത്.
120 കോടിയുടെ റോഡ് നിര്‍മാണപദ്ധതിയിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.