എച്ച്എംപിവി പുതിയ വൈറസ് അല്ല; ജാഗ്രത പുലർത്തണം: ജെ.പി.നദ്ദ
Monday, January 6, 2025 9:35 PM IST
ന്യൂഡൽഹി: എച്ച്എംപിവി പുതിയ വൈറസ് അല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ. എച്ച്എംപി വൈറസിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഭീതി പടർത്തുന്ന സന്ദേശങ്ങൾ വ്യാപകമായതിനു പിന്നാലെയാണ് പ്രതികരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി രംഗത്ത് എത്തിയത്.
രാജ്യത്തെ ജനങ്ങൾ ശാന്തരായിരിക്കണം. 2001-ൽ തിരിച്ചറിഞ്ഞ ഈ വൈറസ് വർഷങ്ങളായി ആഗോളതലത്തിൽ പലയിടങ്ങളിലുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ശൈത്യകാലത്തും വസന്തത്തിന്റെ തുടക്കത്തിലുമാണ് രോഗം പ്രധാനമായും കണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ആഗോളതലതത്തിൽ വൈറസ് ഇതിനോടകം ചംക്രമണത്തിലാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആർ) രംഗത്തെത്തിയിരുന്നു. രോഗമുണ്ടാക്കാൻ സാധ്യതയുള്ള ഏത് പ്രശ്നത്തേയും കൈകാര്യം ചെയ്യാൻ ഇന്ത്യ സജ്ജമാണെന്നും ഐസിഎംആർ വ്യക്തമാക്കി.