അജ്ഞാതൻ ആക്രമിച്ചെന്ന് പരാതി നൽകിയ വീട്ടമ്മ ജീവനൊടുക്കി
Monday, January 6, 2025 9:21 PM IST
ആലപ്പുഴ: അജ്ഞാതൻ ആക്രമിച്ച് വീട്ടിൽ കെട്ടിയിട്ടു എന്ന് പോലീസിൽ പരാതി നൽകിയ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19-ാം വാർഡ് കാട്ടൂർ പുത്തൻപുരയ്ക്കൽ ജോൺകുട്ടിയുടെ ഭാര്യ തങ്കമ്മ (58) ആണ് മരിച്ചത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. ഏതാനും ദിവസം മുമ്പാണ് വീട്ടമ്മ അജ്ഞാതന്റെ ആക്രമണത്തിന് ഇരയായത്. പട്ടാപ്പകല്‍ വീടിനുള്ളില്‍ കെട്ടിയിട്ടായിരുന്നു അജ്ഞാതന്റെ ആക്രമണം. മര്‍ദിച്ച് ബോധം കെടുത്തിയ ശേഷം വീട്ടമ്മയെ ജനല്‍ കമ്പിയില്‍ കെട്ടിയിടുകയായിരുന്നു.
ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് തങ്കമ്മയെ തുണി വായില്‍ തിരുകി കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. വീടിന്റെ വാതിലുകള്‍ പൂട്ടിയശേഷമാണ് അക്രമി മടങ്ങിയത്. അടുക്കള വാതില്‍ വഴി മകന് അകത്ത് കയറിപ്പോഴാണ് ബോധരഹിതയായ അമ്മയെ കാണുന്നത്.
പിന്നാലെ പോലീസിൽ പരാതി നൽകി. മോഷണ ശ്രമമാണെന്ന് കരുതിയിരുന്നെങ്കിലും ആഭരണങ്ങൾ അടക്കം ഒന്നും നഷ്ടമായിരുന്നില്ല. ഇതിനെക്കുറിച്ച് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീട്ടമ്മ ജീവനൊടുക്കിയത്.