ഒറ്റക്കെട്ടായി ഇടതുപക്ഷത്തിനൊപ്പം; യുഡിഎഫ് പ്രവേശനമെന്നത് കെട്ടുകഥ: ജോസ് കെ. മാണി
Monday, January 6, 2025 9:16 PM IST
കോട്ടയം: കേരള കോൺഗ്രസ് - എം യുഡിഎഫിലേക്ക് പോകുമെന്ന പ്രചരണം വെറും കെട്ടുകഥയാണെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർഥി വിഷയം കലങ്ങിമറിയുമ്പോൾ ഇതിൽ നിന്നും ശ്രദ്ധ തിരിക്കാൻ കേരള കോൺഗ്രസ് -എമ്മിനെ ചൊല്ലി സൃഷ്ടിക്കുന്ന അനാവശ്യ വിവാദങ്ങളാണിത്. കേരള കോൺഗ്രസ് - എമ്മിന്റെ അജണ്ട നിശ്ചയിക്കാൻ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് - എം എന്നും ഇടതുപക്ഷത്തിനൊപ്പം ഒറ്റക്കെട്ടായി നിൽക്കും. ഇടതു മുന്നണിയിലെ അഭിവാജ്യ ഘടകമാണ് പാർട്ടി. മുന്നണിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായി പാർട്ടി മുന്നോട്ടുപോകുമെന്നും ആരോപണങ്ങൾക്ക് പിന്നിൽ ചില പിആർ അജണ്ടകൾ കണ്ടേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിനൊപ്പം വരണമെന്ന് പറഞ്ഞ് തങ്ങളെ ആരും സമീപിച്ചിട്ടില്ല. അത്തരമൊരു അപേക്ഷ ആർക്കും നൽകിയിട്ടിലെന്നും കേരള കോൺഗ്രസ് - എം ഇടതിനൊപ്പം ചേർന്നതിന്റെ കൂടി ഫലമാണ് തുടർ ഭരണമെന്നും ചെയർമാൻ അവകാശപ്പെട്ടു.