ജി. സുധാകരൻ അഴിമതി നടത്താത്ത മന്ത്രിയായിരുന്നു; ഇന്ന് സിപിഎമ്മിൽ കറിവേപ്പിലയുടെ വില പോലുമില്ല: കെ. സുരേന്ദ്രൻ
Monday, January 6, 2025 8:31 PM IST
കായംകുളം: സിപിഎം നേതാവ് ജി. സുധാകരൻ അഴിമതി നടത്താത്ത മന്ത്രിയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജി. സുധാകരന് ഇന്ന് സിപിഎമ്മിൽ കറിവേപ്പിലയുടെ വില പോലും ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ജി. സുധാകരൻ മാതൃകയായ പൊതുമരാമത്ത് മന്ത്രിയായിരുന്നു. അഴിമതിക്കാരെ നേരിട്ടു. ദേവസ്വം മന്ത്രിയായിരുന്നപ്പോൾ വേണ്ടാതീനം കാട്ടി. എങ്കിലും അഴിമതി കാട്ടാത്ത മന്ത്രിയായിരുന്നു ജി. സുധാകരൻ.
അഴിമതിക്കെതിരെ സംസാരിക്കുന്നവരെ സിപിഎം ബ്രാഞ്ച് മുതൽ പുറത്താക്കും. കോട്ടയത്ത് സുരേഷ് കുറുപ്പിനെ ഒഴിവാക്കി. ബിജെപി വർഗീയ പാർട്ടിയാണെന്നുള്ള പ്രചാരണം നടത്തി സിപിഎം ന്യൂനപക്ഷങ്ങളെ ഭയാശങ്കയിൽ ആക്കുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു.
പിണറായി വിജയന്റെ കാലത്ത് തന്നെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുഴിച്ചു മൂടും. കൊലപാതകം നടത്തുന്നവരെ സ്വാതന്ത്ര്യ സമര സേനാനികളെപ്പോലെയാണ് സിപിഎം കൊണ്ട് നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.