മുപ്പതു വർഷമായി ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി
Monday, January 6, 2025 7:08 PM IST
കൊച്ചി: മുപ്പതുവർഷമായി ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തി. എറണാകുളം ചോറ്റാനിക്കര പൈനിങ്കൽ പാലസ് സ്ക്വയറിലെ വീട്ടിനുള്ളിൽ നിന്നാണ് ഇവ കണ്ടെത്തിയത്.
ഉപയോഗശൂന്യമായ ഫ്രിഡ്ജിന്റെ ഉള്ളിൽ നിന്നാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. 30 വർഷമായി ആൾതാമസമില്ലാത്ത വീടായിരുന്നു ഇതെന്നും സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളമാണെന്നും നാട്ടുകാർ പോലീസിൽ മൊഴി നൽകി.
സാമൂഹ്യവിരുദ്ധരുടെ ശല്യം വർധിച്ചതോടെ നാട്ടുകാർ നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് എത്തിയപ്പോഴാണ് തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയത്. സ്ഥലത്ത് പോലീസ് പരിശോധന നടത്തി വരികയാണ്.
വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. കൊച്ചിയില്‍ താമസിക്കുന്ന മംഗലശേരിയിൽ ഡോ.ഫിലിപ് ജോണിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്.