തമിഴ്നാട്ടിലും എച്ച്എംപിവി സ്ഥിരീകരിച്ചു; രാജ്യത്ത് രോഗബാധിതര്‍ ആറായി
Monday, January 6, 2025 6:01 PM IST
ചെന്നൈ: എച്ച്എംപിവി സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടു കുട്ടികളെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുമ, ശ്വാസതടസം ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുട്ടികൾ സുഖം പ്രാപിച്ചു വരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ ഇന്ത്യയിൽ രോഗം ബാധിച്ചവരുടെ എണ്ണം ആറായി. അതേസമയം എച്ച്എംപിവി ബാധയെക്കുറിച്ച് ആശങ്കപ്പെടാനാനില്ലെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.
ബംഗളുരൂവിലും ചെന്നൈയിലും രണ്ടും അഹമ്മദാബാദിലും കോൽക്കത്തയിലും ഒന്ന് വീതവുമാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. കോവിഡ് 19 പോലെ പുതിയൊരു വൈറസല്ല എച്ച്എംപിവി എന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആർ അറിയിച്ചു.
അതേസമയം രാജ്യത്തെ എച്ച്എംപിവി വ്യാപനത്തില്‍ സാഹചര്യം നിരീക്ഷിക്കുന്നുവെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് ഒരു പുതിയ വൈറസ് അല്ലെന്നും ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടും ഇതിനകം രോഗം കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്‍ഫ്ളുവന്‍സയ്ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ ഉള്ള എച്ച്എംപിവി കേസുകളില്‍ അസാധാരണമായ ഒരു വര്‍ധനയും ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.