ജാമ്യം ലഭിച്ചു.., നേരിൽ കാണാമെന്ന് അൻവർ
Monday, January 6, 2025 5:43 PM IST
മലപ്പുറം: നിലന്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെ പ്രവർത്തകരെ അഭിസംബോധന ചെയ്ത് പി.വി. അൻവർ. ഫേസ്ബുക്കിലൂടെയാണ് അൻവർ പ്രവർത്തകരെ അഭിസംബോധന ചെയ്തത്.
പ്രിയപ്പെട്ടവരെ ജാമ്യം ലഭിച്ചിരിക്കുന്നു. കൂടെ നിന്നവർക്ക് അഭിവാദ്യങ്ങൾ. നേരിൽ കാണാമെന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചു. നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ഇന്ന് അൻവറിന് ജാമ്യം അനുവദിച്ചത്.
50,000 രൂപ ജാമ്യം കെട്ടിവെയ്ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെയ്ക്കണം എന്നിങ്ങനെയൊണ് ഉപാധികള്‍.
ആദിവാസി യുവാവ് മണിയെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ഡിഎംകെ പ്രവർത്തകർ നടത്തിയ മാർച്ചിനിടെ വനംവകുപ്പ് ഓഫീസ് ആക്രമിച്ചിരുന്നു. കേസിൽ ഒന്നാം പ്രതിയാണ് അൻവർ. സംഭവത്തിൽ 11 ഓളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകൾ ചുമത്തി അറസ്റ്റിലായ അൻവറിനെ റിമാൻഡു ചെയ്തിരുന്നു. ജനകീയ വിഷയത്തിൽ ന്യായമായ പ്രതിഷേധമാണ് നടത്തിയതെന്നും താൻ നേരിട്ട് ഫോറസ്റ്റ് സ്റ്റേഷൻ ആക്രമിച്ചിട്ടില്ലെന്നും അൻവർ കോടതിയിൽ പറഞ്ഞു.