മാപ്പിളപ്പാട്ടിനെ കുറിച്ച് അറിയാത്തവർ പാനലിൽ; അപ്പീലുകളുടെ എണ്ണം വർധിപ്പിക്കാൻ നീക്കം, കലോത്സവ വേദിയിൽ പ്രതിഷേധം
Monday, January 6, 2025 5:19 PM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ വിധി നിർണയത്തിനെതിരേ പ്രതിഷേധം. മാപ്പിളപ്പാട്ട് ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ വിധിനിർണയം കൃത്യമല്ലെന്ന് ആരോപിച്ചായിരുന്നു രക്ഷിതാക്കളും അധ്യാപകരും പ്രതിഷേധിച്ചത്.
ഇതുവരെ സംസ്ഥാന തലത്തിൽ വിധികർത്താക്കളായി ഇരുന്ന ആരും പാനലിൽ ഉണ്ടായിരുന്നില്ല. മാപ്പിളപ്പാട്ടിനെ കുറിച്ച് അറിയാത്തവരാണ് പാനലിലുണ്ടായിരുന്നത് എന്നാണ് വിമർശനം.
മത്സരത്തിൽ പങ്കെടുത്ത കൂടുതൽ വിദ്യാർഥികൾക്കും ബി ഗ്രേഡ് ആണ് നൽകിയിരിക്കുന്നത്. അപ്പീലുകളുടെ എണ്ണം വർധിപ്പിക്കാനായാണ് ഈ നീക്കം എന്നാണ് ആരോപണം. അപ്പീലിന് 5000 രൂപയാണ് നൽകേണ്ടത്.
വിധി പ്രഖ്യാപനത്തിനു ശേഷം കുട്ടികളുടെ ഭാഗത്തുനിന്നുണ്ടായ പിഴവ് എന്താണെന്ന് എടുത്ത് പറഞ്ഞില്ലെന്നും ആരോപണമുണ്ട്. പ്രതിഷേധത്തിനു പിന്നാലെ രക്ഷിതാക്കളെ പോലീസ് ഇടപെട്ട് സ്ഥലത്തുനിന്ന് നീക്കിയിട്ടുണ്ട്.
പ്രതിഷേധത്തിന് വിലക്ക് നിലനിൽക്കുമ്പോളാണ് പരസ്യ പ്രതിഷേധവുമായി രക്ഷിതാക്കളും അധ്യാപകരും രംഗത്തെത്തിയത്.