ഫോറസ്റ്റ് ഓഫീസ് തകർത്ത കേസ്; പി.വി.അൻവറിന് ജാമ്യം
Monday, January 6, 2025 4:58 PM IST
മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ അറസ്റ്റിലായ പി.വി.അൻവർ എംഎൽഎയ്ക്ക് ജാമ്യം. നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
50,000 രൂപ കെട്ടിവെയ്ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെയ്ക്കണം എന്നിങ്ങനെയൊണ് ഉപാധികള്‍.
ആദിവാസി യുവാവ് മണിയെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ഡിഎംകെ പ്രവർത്തകർ നടത്തിയ മാർച്ചിനിടെ വനംവകുപ്പ് ഓഫീസ് ആക്രമിച്ചിരുന്നു. കേസിൽ ഒന്നാം പ്രതിയാണ് അൻവർ. സംഭവത്തിൽ 11 ഓളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകൾ ചുമത്തി അറസ്റ്റിലായ അൻവറിനെ റിമാൻഡു ചെയ്തിരുന്നു. ജനകീയ വിഷയത്തിൽ ന്യായമായ പ്രതിഷേധമാണ് നടത്തിയതെന്നും താൻ നേരിട്ട് ഫോറസ്റ്റ് സ്റ്റേഷൻ ആക്രമിച്ചിട്ടില്ലെന്നും അൻവർ കോടതിയിൽ പറഞ്ഞു.
എഫ്ഐആറിൽ 11 പേരുടെ പേരുണ്ടായിട്ടും റിപ്പോർട്ടിൽ അൻവറിന്റെ പേരു മാത്രമേയുള്ളൂവെന്നും അതെന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. വിധി സ്വാഗതാര്‍ഹമാണെന്നും ഇന്ന് തന്നെ ജയിലില്‍ നിന്നിറക്കാന്‍ ശ്രമിക്കുമെന്നും അന്‍വറിന്റെ സഹോദരന് മുഹമ്മദ് റാഫി പറഞ്ഞു.