പുല്ലുപാറ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം, പരിക്കേറ്റവരുടെ ചികിത്സാചിലവ് കെഎസ്ആർടിസി വഹിക്കും
Monday, January 6, 2025 3:41 PM IST
ഇടുക്കി: പുല്ലുപാറയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം അടിയന്തര സഹായം പ്രഖ്യാപിച്ച് മന്ത്രി കെ.ബി. ഗണേഷ്കുമാർ.
പരിക്കേറ്റവരുടെ ചികിത്സാചിലവ് കെഎസ്ആർടിസി വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
കുട്ടിക്കാനം പുല്ലുപാറ കള്ളിവയലില്‍ എസ്റ്റേറ്റിനു സമീപം ഇന്നു രാവിലെ ആറോടെയായിരുന്നു അപകടമുണ്ടായത്. മാവേലിക്കര സ്വദേശികളായ നാലുപേരാണ് മരിച്ചത്. 23 പേർക്കു പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി മാവേലിക്കരയില്‍നിന്നു തഞ്ചാവൂരിലേക്ക് ഉല്ലാസ യാത്ര പോയി മടങ്ങിവരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 37 പേരാണ് ബസിലുണ്ടായിരുന്നത്.
മാവേലിക്കര പല്ലാരിമംഗലം കോട്ടയ്ക്കകത്ത് തെക്കേതില്‍ മോഹനന് നായരുടെ ഭാര്യ രമാ മോഹന്‍ (62), തട്ടാരമ്പലം മറ്റം വടക്ക് കാര്‍ത്തികയില്‍ ഹരിഹരന്‍പിള്ളയുടെ മകന് അരുണ്‍ ഹരി (37), തട്ടാരമ്പലം മറ്റം തെക്ക് സോമസദനത്തില്‍ സംഗീത് സോമന് (42), മാവേലിക്കര കിഴക്കേനട കൗസ്തുഭത്തിൽ ബിന്ദു നാരായണന് (59) എന്നിവരാണ് മരിച്ചത്.
മൂന്നു പേര് മുണ്ടക്കയത്തെ സ്വകാര്യാശുപത്രിയിലും ഒരാള്‍ പാലായിലെ സ്വകാര്യാശുപത്രിയിലുമാണു മരിച്ചത്. പരിക്കേറ്റവർ മുണ്ടക്കയത്തെയും പീരുമേട്ടിലെയും ആശുപത്രികളില്‍ ചികിത്സയിലാണ്.
ബസിന്റെ ബ്രേക്ക് പോയി നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനു കാരണമായതെന്നാണ് ഡ്രൈവറുടെ മൊഴി. മാവേലിക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ കെഎല്‍ 15 എ 1366 നമ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. പാതയോരത്തെ ബാരിക്കേഡ് തകര്‍ത്ത ബസ് 40 അടി താഴ്ചയിലേക്കു മറിയുകയായിരുന്നു. വലിയ കൊക്കയാണിവിടം. മരങ്ങളില്‍ തട്ടി നിന്നതിനാലാണു കൂടുതല്‍ താഴ്ചയിലേക്കു ബസ് മറിയാതിരുന്നത്. ബസില്‍നിന്നു തെറിച്ചുപോയവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് ബസ് തഞ്ചാവൂരിലേക്കു തിരിച്ചത്. ഇന്നു രാവിലെ മാവേലിക്കരയില്‍ തിരികെ എത്തേണ്ടതായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. പോലീസും അഗ്നിരക്ഷാ സേനയും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഇതുവഴി വന്ന വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്.