ജയിലില്‍ പോയി തടവുകാരെ കണ്ടില്ലെങ്കിലാണ് തെറ്റ്; പി. ജയരാജനെ ന്യായീകരിച്ച് എം.വി.ജയരാജന്
Monday, January 6, 2025 3:31 PM IST
കണ്ണൂർ: സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന് പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികളെ കണ്ടതിൽ ഒരു തെറ്റുമില്ലെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്. പി.ജയരാജന് ജയില്‍ ഉപദേശക സമിതി അംഗമാണ്. അദ്ദേഹം ജയിലില്‍ പോയി തടവുകാരെ കണ്ടില്ലെങ്കിലാണ് തെറ്റെന്നും എം.വി.ജയരാജന് പ്രതികരിച്ചു.
സെഷന്‍സ് ജഡ്ജി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ പ്രശ്നങ്ങള്‍ അറിയാന്‍ പോകുന്നുണ്ട്. സെഷന്‍സ് ജഡ്ജി ആണ് ജയില്‍ ഉപദേശക സമിതി ചെയര്മാന്. ജയില്‍ ഉപദേശക സമിതി അംഗം ജയിലില്‍ പോകുന്നതില്‍ പുതുമയൊന്നുമില്ല.
ജയിലില്‍ ധാരാളമാളുകള്‍ വരുന്നുണ്ട്. റിമാന്‍ഡ് തടവുകാരെയും ശിക്ഷിക്കപ്പെടുന്നവരെയും കാണാന്‍ തങ്ങളൊക്കെ പോകാറുണ്ടെന്നും എം.വി.ജയരാജൻ പറഞ്ഞു.