ഗുജറാത്തിലും എച്ച്എംപിവി വൈറസ്; രണ്ടുമാസം പ്രായമുള്ള കുഞ്ഞിന് രോഗബാധ
Monday, January 6, 2025 2:46 PM IST
അഹമ്മദാബാദ്: ബംഗളൂരുവിനു പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്.
നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ബംഗളൂരുവിലേതുപോലെ ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ച കുട്ടിക്കും വിദേശയാത്രാ പശ്ചാത്തലമില്ലെന്നാണ് വിവരം.
ഗുജറാത്ത് സര്‍ക്കാരും ആരോഗ്യവകുപ്പും കാര്യങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ചൈനയില്‍ അതിവേഗം പടര്‍ന്നുപിടിക്കുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്(എച്ച്എംപിവി) ബാധിച്ച രാജ്യത്തെ മൂന്നാമത്തെ കേസാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തത്. ബംഗളൂരുവില്‍ മൂന്ന് മാസം പ്രായമുള്ള പെണ്‍കുട്ടിക്കും എട്ട് മാസം പ്രായമുള്ള ആണ്‍കുട്ടിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. രണ്ട് കുട്ടികൾക്കും വിദേശയാത്രാ പശ്ചാത്തലമില്ല.
മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് രോഗമുക്തയായി ആശുപത്രി വിട്ടു. എട്ട് മാസം പ്രായമുള്ള കുട്ടി ചികിത്സയില്‍ തുടരുകയാണ്. ബംഗളൂരുവിലെ ബാപ്പ്റ്റിസ്റ്റ് ആശുപത്രിയിലാണ് ഇരുവർക്കും ചികിത്സ നൽകിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.