ഏഴുവിക്കറ്റുമായി റാഷിദ് ഖാൻ കൊടുങ്കാറ്റ്, കടപുഴകി സിംബാബ്വേ; അഫ്ഗാന് ജയം, പരമ്പര
Monday, January 6, 2025 2:26 PM IST
ബുലവായോ: സിംബാബ്വെയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ടെസ്റ്റ് പരമ്പരയും നേടി അഫ്ഗാനിസ്ഥാന്റെ വിജയക്കുതിപ്പ്. ബുലവായോയിൽ നടന്ന രണ്ടാം ടെസ്റ്റിൽ 72 റൺസിനായിരുന്നു സന്ദർശകരുടെ വിജയം. രണ്ടാമിന്നിംഗ്സിൽ 278 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്വെ 205 റൺസിനു പുറത്തായി. സ്കോർ: അഫ്ഗാനിസ്ഥാൻ- 157, 363, സിംബാബ്വെ- 243, 205
53 റൺസെടുത്ത നായകൻ ക്രെയ്ഗ് ഇർവിൻ ആണ് ടോപ് സ്കോറർ. അതേസമയം, ജോയ്ലോർഡ് ഗംബി (15), ബെൻ കറൻ (38), തകുഡ്സ്വനാഷെ കൈതാനോ (21), സിക്കന്ദർ റാസ (38), ഷോൺ വില്യംസ് (16) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
അഫ്ഗാനു വേണ്ടി 66 റൺസ് മാത്രം വഴങ്ങി ഏഴുവിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാൻ ആണ് സിംബാബ്വെയെ തകർത്തത്. രണ്ട് ഇന്നിംഗ്സുകളിലുമായി 11 വിക്കറ്റ് വീഴ്ത്തിയ റാഷിദ് തന്നെയാണ് കളിയിലെ താരം.
അതേസമയം, രണ്ടു മത്സരങ്ങളുടെ പരമ്പരയിൽ ആകെ 392 റൺസ് അടിച്ചുകൂട്ടിയ റഹ്മത് ഷായാണ് പരമ്പരയുടെ താരം. ബുലവായോയിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചിരുന്നു.