ദേശീയഗാനത്തിനു പകരം "തമിഴ് തായ് വാഴ്ത്ത്'; ഗവർണർ ഇറങ്ങിപ്പോയി: തമിഴ്നാട് നിയമസഭയിൽ നാടകീയരംഗങ്ങൾ
Monday, January 6, 2025 1:32 PM IST
ചെന്നൈ: പുതുവർഷത്തിലെ ആദ്യസമ്മേളനത്തില്‍ നാടകീയ സംഭവങ്ങള്‍ക്കു സാക്ഷ്യംവഹിച്ച് തമിഴ്നാട് നിയമസഭ. ദേശീയ ഗാനത്തിനു പകരം 'തമിഴ് തായ് വാഴ്ത്ത്' ആലപിച്ചതിന് പിന്നാലെ ഗവർണർ ആർ.എൻ. രവി നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
സമ്മേളനത്തിനു മുന്നോടിയായി സഭയിലേക്കെത്തിയ ഗവർണറെ സ്പീക്കർ എം. അപ്പാവു പൊന്നാടയണിയിച്ച് സ്വീകരിച്ചിരുന്നു. തുടർന്ന് രാവിലെ ഒമ്പതരയ്ക്ക് സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്ത് പാരായണത്തോടെയാണ് നിയമസഭാസമ്മേളനം തുടങ്ങിയത്. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദേശീയഗാനം ആലപിക്കാത്തത് സഭയില്‍ ഉന്നയിച്ചു.
അതേസമയം, എഐഎഡിഎംകെ എംഎല്‍എമാര്‍ ബാഡ്ജുകള്‍ ധരിച്ചും മുദ്രാവാക്യം മുഴക്കിയും പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ, അടുത്തതായി ദേശീയ ഗാനം ആലപിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഗവർണർ ഇറങ്ങിപ്പോയത്.
ഇതിനു പിന്നാലെ സ്പീക്കര്‍ ഗവര്‍ണറുടെ പ്രസംഗത്തിന്റെ തമിഴ് പതിപ്പ് വായിച്ചു. തുടര്‍ന്ന് സഭയിലെ പ്രതിഷേധത്തിന് എഐഎഡിഎംകെ അംഗങ്ങളെ കൂട്ടത്തോടെ സഭയില്‍ നിന്നും പുറത്താക്കിയതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.
ഗവർണറുടെ ഇറങ്ങിപ്പോക്കിനു പിന്നാലെ, ഇക്കാര്യം വിശദീകരിച്ച് രാജ്ഭവന് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. "ഇന്ന് തമിഴ്നാട് നിയമസഭയിൽ വച്ച് ഭാരതത്തിന്റെ ഭരണഘടനയും ദേശീയഗാനവും വീണ്ടും അപമാനിക്കപ്പെട്ടു. ദേശീയഗാനത്തെ ബഹുമാനിക്കുകയെന്നത് നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മൗലിക കടമകളിലൊന്നാണ്. എല്ലാ സംസ്ഥാന നിയമസഭകളിലും സമ്മേളനത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ദേശീയഗാനം ആലപിക്കേണ്ടതുണ്ട്.
ദേശീയ ഗാനം ആലപിക്കണമെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും തമിഴ് തായ് വാഴ്ത്ത് മാത്രമാണ് ആലപിച്ചത്. സഭയുടെ ഭരണഘടനാപരമായ കടമയെക്കുറിച്ച് ഗവര്‍ണര്‍ ഓര്‍മിപ്പിച്ചെങ്കിലും മുഖ്യമന്ത്രിയും സ്പീക്കറും അംഗീകരിക്കാന്‍ കൂട്ടാക്കിയില്ലെന്നും രാജ്ഭവന് പ്രസ്താവനയില്‍ പറഞ്ഞു.