ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി
Monday, January 6, 2025 6:24 AM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡൽഹിയിൽ പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ആം ആദ്മി പാർട്ടിക്കെതിരെ ആഞ്ഞടിച്ച് മോദി രംഗത്ത് എത്തി. രാജ്യതലസ്ഥാനത്തിന്റെ മികച്ച ഭാവിക്കായി അവസരം നൽകണമെന്ന് രോഹിണിയിൽ സംഘടിപ്പിച്ച പരിവർത്തൻ യാത്രയിൽ മോദി ആവശ്യപ്പെട്ടു.
ഡൽഹി സർക്കാരിന്റെ നിലവിലെ ക്ഷേമപദ്ധതികൾ ബിജെപി ഭരണത്തിലെത്തിയാലും തുടരും. എന്നാൽ അത്തരം പദ്ധതികളിലെ അഴിമതി ഇല്ലാതാക്കും. ഇന്ത്യയെ സംബന്ധിച്ച് അടുത്ത 25 വർഷങ്ങൾ നിർണായകമാണ്. ഡൽഹിയിൽ വികസനം കൊണ്ടുവരാൻ ബിജെപിക്ക് മാത്രമേ കഴിയൂ.
ആം ആദ്മി പാർട്ടി എന്ന ദുരന്തത്തെ ഭരണത്തിൽ നിന്ന് തൂത്തെറിയാനുള്ള അവസരമാണ്. ജനങ്ങളുടെ പത്ത് വർഷം അവർ നശിപ്പിച്ചെന്നും മോദി കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ കൂടുതൽ ദേശീയ നേതാക്കളെ കളത്തിലിറക്കാനുള്ള നീക്കത്തിലാണ് ബിജെപി.