ശ്വാസതടസം; വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Sunday, January 5, 2025 11:12 AM IST
ആലപ്പുഴ: ശ്വാസതടസത്തെത്തുടർന്ന് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലത്ത് പൊതുയോഗങ്ങളിൽ പങ്കെടുത്തശേഷം കണിച്ചുകുളങ്ങരയിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെ രാത്രി ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
ചേപ്പാട് ഭാഗത്തുവച്ചാണ് അസ്വസ്ഥതയനുഭവപ്പെട്ടത്. ആശുപത്രിയിലേക്കു പോകുംവഴി കാഞ്ഞൂർ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ദേശീയപാതയിലെ ഗതാഗതത്തിരക്കിൽ 15 മിനിറ്റോളം വാഹനം കുടുങ്ങി. തുടർന്ന് ഹരിപ്പാട് സർക്കാർ ആശുപത്രിയിലെത്തിച്ച് ഇസിജി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി.
അടിയന്തര ചികിത്സ നൽകിയശേഷം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ മൂന്നുദിവസമായി കൊല്ലത്ത് എസ്എൻഡിപി യോഗവുമായി ബന്ധപ്പെട്ട പരിപാടികളിൽ വെള്ളാപ്പള്ളി നടേശൻ പങ്കെടുത്തു വരികയായിരുന്നു.