കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നഷ്ടപരിഹാരം നൽകുമെന്ന് വനംമന്ത്രി
Sunday, January 5, 2025 10:20 AM IST
മലപ്പുറം: നിലമ്പൂര്‍ കരുളായി വനത്തിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35)യുടെ കുടുംബത്തിന് നഷ്ടപരിഹാര തുക നൽകുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.
ശനിയാഴ്ച രാത്രിയാണ് ഇയാളെ കാട്ടാന ആക്രമിച്ചത്. കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കി തിരിച്ചുവരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. മണിയെ കാട്ടാന ആക്രമിച്ചപ്പോള്‍ കൈയിലുണ്ടായിരുന്ന അഞ്ചു വയസ് പ്രായമുള്ള മകൻ തെറിച്ചു വീണു.
കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളാണ് കുട്ടിയെ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. കാട്ടാന മണിയുടെ കുട്ടിയ്ക്കുനേരെ പാഞ്ഞടുക്കുന്നതിന് മുമ്പ് രക്ഷപ്പെടുത്തുകയായിരുന്നു. മറ്റുള്ളവരെല്ലാം സുരക്ഷിതമായി കോളനിയിൽ തിരിച്ചെത്തിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.