ഓസീസിന് പരന്പര, സിഡ്നിയിലും ഇന്ത്യയ്ക്ക് തോൽവി
Sunday, January 5, 2025 9:08 AM IST
സിഡ്നി: ബോർഡർ-ഗവാസ്കർ ട്രോഫി ക്രിക്കറ്റ് പരന്പര സ്വന്തമാക്കി ഓസ്ട്രേലിയ. അഞ്ചു ടെസ്റ്റുകളുടെ പരന്പര 3-1നാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. സിഡ്നി ടെസ്റ്റിൽ ഇന്ത്യയെ രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ഓസ്ട്രേലിയയുടെ പരന്പര നേട്ടം.
സിഡ്നി ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ 162 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ്ക്കായി ഉസ്മാൻ ഖ്വാജ മികച്ച തുടക്കമാണ് ഒരുക്കിയത്. 45 പന്തിൽനിന്ന് ഖ്വാജ 41 റണ്‍സ് നേടി. പുറത്താകാതെ ബ്യൂ വെസ്റ്റർ 39 റണ്‍സും ട്രാവിസ് ഹെഡ് 34 റണ്‍സും നേടി. സാം കോണ്‍സ്റ്റാസ് 22 റണ്‍സും നേടി.
ഇന്ത്യയ്ക്കായി പ്രസീദ് കൃഷ്ണ മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റും പിഴ്ത്തു. ജസ്പ്രീത് ബുംറയുടെ പരിക്കാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
രണ്ടാം ഇന്നിംഗ്സിൽ 141/6 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 157 റണ്‍സിന് എല്ലാവരും പുറത്തായി. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ നാലു റണ്‍സ് ലീഡു നേടിയിരുന്നു. 61 റണ്‍സ് നേടിയ ഋഷഭ് പന്താണ് ടോപ് സ്കോറർ. ആറുവിക്കറ്റ് നേടിയ ബോലണ്ടാണ് ഇന്ത്യയെ തകർത്തത്. കമ്മിൻസ് മൂന്നും വെബ്സ്റ്റർ ഒരു വിക്കറ്റും വീഴ്ത്തി.
ജയത്തോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ടിക്കറ്റും ഓസീസ് സ്വന്തമാക്കി. ഈ വർഷം ജൂണിൽ ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടുമെന്നും ഉറപ്പായി.
സിഡ്നി ടെസ്റ്റിൽ ജയിച്ചാൽ മാത്രം ഫൈനൽ കളിക്കാൻ ഇന്ത്യയ്ക്കുണ്ടായിരുന്ന നേരിയ സാധ്യത, മത്സരം തോറ്റതോടെ അവസാനിച്ചു.