കേജരിവാൾ ഡല്‍ഹിയിലെ ജനങ്ങളോട് കണക്ക് പറയേണ്ടി വരും: അമിത് ഷാ
Saturday, January 4, 2025 6:01 PM IST
ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കേജരിവാളിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ സര്‍ക്കാര്‍ വാഹനമോ, ബംഗ്ലാവോ എടുക്കില്ലെന്ന് പറഞ്ഞിരുന്ന കേജരിവാൾ ഡല്‍ഹിക്കാരുടെ പണം ഉപയോഗിച്ച് ചില്ലുകൊട്ടാരം നിര്‍മിച്ചുവെന്ന് പറഞ്ഞ അമിത് ഷാ ഡല്‍ഹിയിലെ ജനങ്ങളോട് കേജരിവാൾ കണക്ക് പറയേണ്ടി വരുമെന്നും പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉയര്‍ത്തിയ ആരോപണങ്ങള്‍ ഏറ്റുപിടിച്ചുകൊണ്ടാണ് അമിത്ഷായും കേജരിവാളിനെതിരെ രംഗത്തെത്തിയത്. ഡല്‍ഹിയില്‍ ചേരി നിവാസികള്‍ക്കുള്ള ഭവന പദ്ധതി ഉദ്ഘാടനം ചെയ്യവേയാണ് നരേന്ദ്രമോദി കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. അണ്ണാഹസാരെയെ മുഖമാക്കിയാണ് ആം ആദ്മി അധികാരത്തില്‍ വന്നതെന്നും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഈ പാര്‍ട്ടി വലിയ ദുരന്തമായെന്നും മോദി കുറ്റപ്പെടുത്തി.
കേജരിവാൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി പണിയാന്‍ കോടികളാണ് ചെലവഴിച്ചതെന്നും മോദി ആരോപിച്ചു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് 30,000ത്തിലധികം വീടുകള്‍ പിഎം ആവാസ് യോജനയുടെ കീഴില്‍ പണിതുനല്കി. ആംആദ്മി ഡല്‍ഹിയിലെ വിദ്യാഭ്യാസരംഗത്തെ മോശമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.