പെൻഷൻ തട്ടിപ്പിൽ നടപടി; പൊതുമരാമത്ത് വകുപ്പിലെ 31 ജീവനക്കാർക്ക് സസ്പെൻഷൻ
Saturday, January 4, 2025 5:51 PM IST
തിരുവനന്തപുരം: അനധികൃതമായി പെൻഷൻ കൈപ്പറ്റിയ 31 സർക്കാർ ജീവനക്കാർക്കെതിരേ നടപടി. പെൻഷൻ തട്ടിപ്പ് നടത്തിയ പൊതുമരാമത്ത് വകുപ്പിലെ 31 ജീവനക്കാരെ സസ്പെന്റ് ചെയ്തു.
ഇവർ കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കും. 47 പേരാണ് പൊതുമരാമത്ത് വകുപ്പിൽ അനധികൃതമായി പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയത്.
അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചുപിടിക്കാനാണ് ധനവകുപ്പ് നൽകിയിരിക്കുന്ന നിർദേശം. കർശന അച്ചടക്ക നടപടി സ്വീകരിക്കാനും മന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശം നൽകിയിട്ടുണ്ട്.
സർക്കാർ ജീവനക്കാരാണ് ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ധനവകുപ്പിന്റെ നിർദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിൽ 1,458 സർക്കാർ ജീവനക്കാർ ക്ഷേമപെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തി.
ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കമാണ് പെൻഷൻ കൈപ്പറ്റുന്നത്. കോളജ് അസിസ്റ്റൻഡ് പ്രഫസർമാരും ഹയർ സെക്കൻഡറി അധ്യാപകർ ഉൾപ്പെടെ ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ടെന്നാണ് കണ്ടെത്തൽ.
ആരോഗ്യവകുപ്പിലാണ് കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നത്. 373 പേർ. പൊതു വിദ്യാഭ്യാസ വകുപ്പിൽനിന്നും 224 പേരും ക്ഷേമപെൻഷൻ കൈപ്പറ്റുന്നുണ്ട്. മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും, ആയൂർവേദ വകുപ്പിൽ 114 പേരും, മൃഗസംരണക്ഷ വകുപ്പിൽ 74 പേരും, പൊതു മരാമത്ത് വകുപ്പിൽ 47 പേരും ക്ഷേമ പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാരാണ്.