ഇനിയല്പം ക്ഷീണമാകാം! പുതുവർഷക്കുതിപ്പിന് ബ്രേക്കിട്ട് സ്വർണം; പവന് 360 രൂപ കുറഞ്ഞു
Saturday, January 4, 2025 1:05 PM IST
കൊച്ചി: സംസ്ഥാനത്ത് പുതുവർഷത്തിലെ മുന്നേറ്റത്തിനു ശേഷം സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവന് സ്വര്‍ണത്തിന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 57,720 രൂപയിലും ഗ്രാമിന് 7,215 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് ഇന്ന് 35 രൂപ ഇടിഞ്ഞ് 5,960 രൂപയിലെത്തി.
ബുധനാഴ്ച ഒരു പവൻ സ്വർണത്തിന് 320 രൂപയും വ്യാഴാഴ്ച 240 രൂപയും വെള്ളിയാഴ്ച ഒറ്റയടിക്ക് 640 രൂപയും വർധിച്ചിരുന്നു. തുടര്‍ച്ചയായ മൂന്ന് ദിവസത്തിനിടെ ഗ്രാമിന് 150 രൂപയും പവന് 1,200 രൂപയും കൂടിയശേഷമാണ് ഈ വിലയിറക്കം.
ഡിസംബർ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20 ന് 56,320 രൂപയായി താഴ്ന്നതാണ് ഡിസംബർ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.
രാജ്യാന്തര വിപണിയിലെ വിലവർധനയാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞദിവസം വരെ ഔൺസിന് 2,624 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര വില വെള്ളിയാഴ്ച 2,664 ഡോളറിലേക്ക് കുതിച്ചുകയറിയിരുന്നു. ഇത് ഇന്ന് 2,637 ഡോളർ വരെ ഇടിഞ്ഞതാണ് കേരളത്തിലും വില കുറയാൻ സഹായിച്ചത്.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 95 രൂപയാണ്.