തലസ്ഥാന നഗരിയിൽ ഇനി കലയുടെ ഉത്സവം; സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു
Saturday, January 4, 2025 11:25 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.
ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേർസാക്ഷ്യമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കലോത്സവങ്ങൾ സംഘടിപ്പിക്കപ്പെടുന്നത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള പരസ്പരസ്നേഹവും സാഹോദര്യവും സഹവർത്തിത്വവും ഐക്യവും എല്ലാം ഊട്ടിയുറപ്പിക്കാൻ വേണ്ടിയാണ്. കലാപ്രകടനങ്ങൾക്കുള്ള വേദിയായിരിക്കുമ്പോൾ തന്നെ അത്തരം കാഴ്ചപ്പാടുകൾക്കു കൂടി ഇവിടെ പ്രാധാന്യം കൈവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിമാരായ ജി.ആര്. അനില്‍, കെ.രാജന്, എ.കെ.ശശീന്ദ്രന്, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, മേയര്‍ ആര്യ രാജേന്ദ്രന്, കലക്ടര്‍ അനുകുമാരി, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തി. ചടങ്ങിൽ കലോത്സവ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്കാരവും അരങ്ങേറി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച വെള്ളാര്‍മല ജിഎച്ച്സിലെ വിദ്യാർഥികള്‍ ഉദ്ഘാടന വേദിയില്‍ സംഘനൃത്തം അവതരിപ്പിച്ചു.
രാവിലെ 11ന് കലാമത്സരങ്ങള്‍ക്കു തുടക്കമാകും. 25 വേദികളിലായി നടക്കുന്ന 249 മത്സരങ്ങളിൽ പതിനയ്യായിരത്തിലേറെ വിദ്യാർഥികൾ മാറ്റുരയ്ക്കും.