ന്യൂമാഹി ഇരട്ടക്കൊല: വിചാരണ 22 മുതൽ, ടി.പി. വധക്കേസിലെ കൊടി സുനിയും ഷാഫിയും പ്രതികൾ
Friday, January 3, 2025 6:34 PM IST
തലശേരി: ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25), കുറുന്തോടത്ത് ഷിനോജ് (32) എന്നിവരെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ 22 മുതൽ ഫെബ്രുവരി ഒന്നുവരെ അഡീഷണൽ സെഷൻസ് ഫസ്റ്റ് ട്രാക്ക് (മൂന്ന്) ജഡ്ജ് റൂബി. കെ. ജോസ് മുമ്പാകെ നടക്കും.
ഒന്നു മുതൽ മൂന്നുവരെ സാക്ഷികളായ ഒ.പി. രജീഷ്, ഇ. സുനിൽകുമാർ, നികേഷ് എന്നിവരെയാണ് ആദ്യദിവസം വിസ്തരിക്കുക. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി ഈ കേസിൽ രണ്ടാം പ്രതിയും ഷാഫി നാലാം പ്രതിയുമാണ്. കൊടി സുനി ഉൾപ്പെടെയുള്ളവർ പരോളിൽ ഉള്ള സമയത്താണ് ഇരട്ടക്കൊലക്കേസിന്റെ വിചാരണ ആരംഭിക്കുന്നതെന്ന പ്രത്യേകയും ഉണ്ട്. 82 സാക്ഷികളാണ് കേസിലുള്ളത്.
2010 മെയ് 28ന് രാവിലെ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം. മാഹി കോടതിയിൽനിന്നു കേസ് കഴിഞ്ഞ് വരികയായിരുന്ന വിജിത്തിനെയും ഷിനോജിനെയും ന്യൂമാഹി പെരിങ്ങാടിയിൽ വച്ച് അക്രമിസംഘം ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഏറെ വിവാദമായ ഈ കേസിൽ എഫ്ഐആറിൽ പ്രതി ചേർക്കപ്പെട്ട അരഡസൻ പേരെ അന്വേഷണഘട്ടത്തിൽ നിരപരാധികളാണെന്ന് കണ്ടെത്തിയിരുന്നു.
അന്ന് ഡിവൈഎസ്പിയായിരുന്ന പ്രിൻസ് ഏബ്രഹാം, സിഐ യു. പ്രേമൻ എന്നിവരാണ് അന്വേഷണം നടത്തിയത്. ഡിവൈഎസ്പി എ.പി. ഷൗക്കത്തലിയാണ് കുറ്റപത്രം സമർപ്പിച്ചത്. 16 പ്രതികളാണ് ഈ കേസിലുള്ളത്. രണ്ട് പ്രതികൾ മരണപ്പെട്ടു. 14 പ്രതികളാണ് വിചാരണ നേരിടുന്നത്. കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി പി. പ്രേമരാജനും പ്രതികൾക്കായി സി.കെ. ശ്രീധരനുമാണ് ഹാജരാകുന്നത്.
സിപിഎം പ്രവർത്തകരായ പള്ളൂർ കൊയ്യോട് തെരുവിലെ ടി. സുജിത്ത്, ചൊക്ലി മീത്തലെ ചാലിൽ ഹൗസിൽ ഷാരോൺ വില്ലയിൽ എൻ.കെ. സുനിൽകുമാർ എന്ന കൊടി സുനി, നാലുതറ മണ്ടപ്പറമ്പത്ത് കോളനിയിലെ ടി.കെ.സുമേശ്, ചൊക്ലി പറമ്പത്ത് ഹൗസിൽ കെ.കെ. മുഹമ്മദ് ഷാഫി, ഷമിൽ നിവാസിൽ ടി.വി. ഷമിൽ, കൂടേന്റവിട എ. കെ.ഷമ്മാസ്, ഈസ്റ്റ് പള്ളൂരിലെ കെ. അബ്ബാസ്, ചെമ്പ്ര നാലുതറ പറയുള്ളപറമ്പത്ത് രാഹുൽ, കുന്നുമ്മൽ വീട്ടിൽ തേങ്ങ വിനീഷ് എന്ന കെ. വിനീഷ്, കോടിയേരി പാറാൽ ചിരുതാംകണ്ടി സി.കെ. രജി കാന്ത്, പള്ളൂർ പടിഞ്ഞാറെ നാലുതറ പി.വി. വിജിത്ത്, അമ്മാല മഠത്തിൽ മുഹമ്മദ് രജീസ്, കണ്ണാറ്റിക്കൽ വീട്ടിൽ ഷിനോജ്, അഴീക്കൽ മീത്തലെ എടക്കാടന്റ വിട ഫൈസൽ, ചൊക്ലി തണൽ വീട്ടിൽ കാട്ടിൽ പുതിയപുരയിൽ സരിഷ്, ചൊക്ലി കണ്ണോത്ത്പള്ളി തവക്കൽ മൻസിലിൽ സജീർ എന്നിവരാണ് കേസിലെ പ്രതികൾ.
പത്താംപ്രതി രജികാന്ത്, പന്ത്രണ്ടാംപ്രതി മുഹമ്മദ് റജീസ് എന്നിവർ പിന്നീട് മരണപ്പെട്ടു.