സൈനികനെ കണ്ടെത്തിയ കേരള പോലീസിന് പട്ടാളത്തിന്റെ അഭിനന്ദനം
Friday, January 3, 2025 6:26 PM IST
കോഴിക്കോട്: കാണാതായ സൈനികനെ വിദഗ്ധമായ അന്വേഷണത്തിലൂടെ കണ്ടെത്തിയ എലത്തൂർ പോലീസിന് പട്ടാളത്തിന്റെ അഭിനന്ദനം. സൈനികന് വിഷ്ണുവിനെ കണ്ടെത്താൻ പോലീസ് കാട്ടിയ മിടുക്കിനെ അഭിനന്ദിച്ച് പുനെയിലെ എഡി റെജിമെന്റ് യൂണിറ്റിന്റെ ചുമതല വഹിക്കുന്ന മേജർ സച്ചിൻ ശർമയാണ് രംഗത്തെത്തിയത്.
അന്വേഷണച്ചുമതലയുള്ള എലത്തൂർ സിഐ എൻ. അജീഷ് കുമാറിനെ അദ്ദേഹം ഫോണിൽ വിളിച്ചു. അന്വേഷണ സംഘത്തിലുണ്ടായിരുന്ന എസ്ഐ മുഹമ്മദ് സിയാദ്, സിപിഒമാരായ അതുൽകുമാർ, പി. വൈശാഖ് എന്നിവരെയും മേജർ അനുമോദനം അറിയിച്ചു.
ഡിസംബർ 17ന് കാണാതായ സൈനികൻ, എരഞ്ഞിക്കൽ സ്വദേശി വിഷ്ണുവിനെ കഴിഞ്ഞ ദിവസം ബംഗളൂരുവിൽനിന്നാണു കണ്ടെത്തിയത്. ബംഗളൂരു, മുംബൈ, പുനെ എന്നിവിടങ്ങളിൽ ക്യാമ്പ് ചെയ്ത് ട്രെയിനുകളിലും കടകളിലുമായി നൂറോളം നിരീക്ഷണ കാമറകൾ പരിശോധിച്ചും ബംഗളൂരുവിലെ എടിഎമ്മിൽനിന്നു പണം പിൻവലിച്ചത് കണ്ടുപിടിച്ചുമാണു വിഷ്ണുവിനെ കണ്ടെത്തിയത്.
വിഷ്ണുവിന്റെ വിവാഹം ഈ മാസം നടക്കാനിരിക്കുകയായിരുന്നു. ഇതിനിടയില്‍ വന്ന കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ആരോടും പറയാതെ വിഷ്ണു നാട്ടില്‍ നിന്നു മാറിനിന്നത്. ശമ്പളം വന്ന ദിവസം ബംഗളൂരൂവിലെ എടിഎമ്മില്‍ നിന്നു വിഷണു പണം പിന്‍വലിച്ചിരുന്നു. ഇതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
മന്ത്രി എ.കെ. ശശീന്ദ്രൻ, രാഷ്ട്രീയ-കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ, പോലീസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവരും അന്വേഷണ സംഘത്തെ അഭിനന്ദിച്ചു.