മുഖ്യമന്ത്രി സ്ഥാനമല്ല ലക്ഷ്യം; സതീശനുമായി അഭിപ്രായ ഭിന്നതയില്ല
Friday, January 3, 2025 6:11 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനമല്ല തന്റെ ലക്ഷ്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ലെന്നും തന്റെ മുന്നിലുള്ള അടുത്ത ലക്ഷ്യം സാധാരണ പ്രവർത്തകർ മത്സരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായി നേരിടും. പ്രതിപക്ഷ നേതാവുമായി അഭിപ്രായ ഭിന്നതയില്ല. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറിയത് ഹൈക്കമാൻഡ് തീരുമാന പ്രകാരമാണ്. എല്ലാം തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണ്. അതേസമയം സ്ഥാനം ഒഴിയാൻ തന്നോട് നേരിട്ട് പറയാത്തത് വിഷമമുണ്ടാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിനെപ്പറ്റിയും ചെന്നിത്തല പ്രതികരിച്ചു. താൻ പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഗുണം കോൺഗ്രസ് പാർട്ടിക്കാണ്. അതിൽ ആരും ദുരുദ്ദേശ്യം കാണെണ്ടതില്ല. മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിൽ പ്രത്യേക ലക്ഷ്യമോ പ്ലാനിംഗോ ഇല്ല.
എൻഎസ്എസുമായുള്ള പിണക്കം തീർത്തത് ഇടനിലക്കാരില്ലാതെ നേരിട്ടാണ്. സുകുമാരൻ നായരുമായി നേരിട്ട് സംസാരിച്ചു. എൻഎസ്എസ് മതേതര ബ്രാൻഡാണ്. കഴിഞ്ഞ കുറച്ച് കാലമായി എൻഎസ്എസുമായി ചെറിയ ഒരു അകൽച്ച ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ക്ഷണിച്ചപ്പോൾ അത് വാർത്തയായത്.
തന്റെ സാന്നിധ്യം ആവശ്യമാണെന്ന് തോന്നിയതിനാൽ ക്ഷണിച്ചു, ക്ഷണം സ്വീകരിച്ച് താൻ പോയി. എൻഎസ്എസ് ഒരു മഹാപ്രസ്ഥാനമാണ്. മന്നം ഉയർത്തിപ്പിടിച്ച മതേതരത്വം എൻഎസ്എസ് തുടർന്നുകൊണ്ടുപോകുന്നു. അതുകൊണ്ടാണ് എൻഎസ്എസിന് ഇപ്പോഴും പ്രാധാന്യം ഉള്ളത്.
എല്ലാ സമുദായ സംഘടനകളുമായും തനിക്ക് നല്ല ബന്ധമാണുള്ളത്. തന്നെ ബ്രാൻഡ് ചെയ്യാൻ ശ്രമിച്ചവരെ കുറിച്ച് പറയാൻ സമയമായിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.