ഷാന്‍ വധക്കേസ്; ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികള്‍ പിടിയില്‍
Friday, January 3, 2025 4:18 PM IST
ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനെ കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് ഒളിവിൽ പോയ അഞ്ച് പ്രതികൾ അറസ്റ്റിൽ. കേസിൽ രണ്ടു മുതൽ ആറു വരെ പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുൽ, ധനേഷ് എന്നിവരെയാണ് മണ്ണഞ്ചേരി പോലീസ് പഴനിയിൽവച്ച് പിടികൂടിയത്.
അഞ്ച് പേരുടെയും ജാമ്യം ഡിസംബർ 11നു ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നാലെ 17ന് ആലപ്പുഴ അഡിഷനൽ സെഷൻസ് കോടതി പ്രതികൾക്കായി വാറണ്ട് പുറപ്പെടുവിച്ചു.
ഒരു വർഷം മുന്‍പ് വിചാരണക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനെ തുടർന്നാണു ജാമ്യം റദ്ദാക്കിയത്.