എക്സൈസ് ആദ്യം കുട്ടികളെ ഉപദേശിക്കണമായിരുന്നു; വീണ്ടും ന്യായീകരണവുമായി സജി ചെറിയാന്
Friday, January 3, 2025 3:13 PM IST
കൊച്ചി: കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട യു.പ്രതിഭ എംഎല്‍എയുടെ മകനെ വീണ്ടും ന്യായീകരിച്ച് സജി ചെറിയാന്. എക്സൈസ് ആദ്യം കുട്ടികളെ ഉപദേശിക്കണമായിരുന്നെന്ന് മന്ത്രി പ്രതികരിച്ചു.
പ്രതിഭയുടെ മകന് തെറ്റുചെയ്തിട്ടില്ലെന്ന് അവര്‍ പറഞ്ഞിട്ടും മാധ്യമങ്ങള്‍ വിശ്വസിച്ചില്ല. കേസിന് പിന്നില്‍ പ്രതിഭയോട് വൈരാഗ്യമുള്ള ആളുകളാണ്. പ്രതിഭയെ ഒറ്റപ്പെടുത്തി വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്.
ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. സഖാക്കളെ വേട്ടയാടിയാല്‍ താന്‍ പ്രതികരിക്കുമെന്നും മന്ത്രി പറഞ്ഞു. പുകവലിക്കുന്നത് മഹാപരാധമാണോയെന്ന് സജി ചെറിയാൻ നേരത്തേ ചോദിച്ചിരുന്നു.
ബുധനാഴ്ച കായംകുളത്ത് നടന്ന സിപിഎം രക്തസാക്ഷി പരിപാടിയിൽ പ്രതിഭയെ വേദിയിലിരുത്തിയായിരുന്നു സജി ചെറിയാന്റെ പരാമർശം. എഫ്ഐആർ താൻ വായിച്ചതാണ്. അതിൽ മോശപ്പെട്ടതായി ഒന്നുമില്ല. കൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്.
കുഞ്ഞുങ്ങളല്ലേ അവർ വർത്തമാനം പറയും കമ്പനിയടിക്കും ചിലപ്പോൾ പുക വലിക്കും. അതിനെന്താണ്? വലിച്ചത് ശരിയാണെന്നല്ല. ചെയ്തെങ്കിൽ തെറ്റാണ്.
താനും വല്ലപ്പോഴുമൊക്കെ പുക വലിക്കുന്ന ആളാണ്. പണ്ട് ജയിലിൽ കിടന്നപ്പോൾ വലിച്ചിരുന്നു. എം.ടി.വാസുദേവൻ നായർ കെട്ടുകണക്കിനു ബീഡി വലിക്കുമായിരുന്നു. അതു ചിലരുടെ ശീലമാണെന്നും മന്ത്രി പറഞ്ഞിരുന്നു.