'വധശിക്ഷ ലഭിക്കണമായിരുന്നു, ഇതു കുറഞ്ഞുപോയി': പെരിയ വിധിയിൽ തൃപ്തിയില്ലെന്നു കുടുംബങ്ങൾ
Friday, January 3, 2025 2:20 PM IST
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ പ്രത്യേക കോടതിയുടെ ശിക്ഷാവിധിയിൽ തൃപ്തരല്ലെന്നു മരിച്ച കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങൾ.
വിധിയില്‍ പൂര്‍ണ തൃപ്തരല്ല. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്നായിരുന്നു കരുതിയത്. അതുണ്ടായില്ല. നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം മാത്രമാണ് ശിക്ഷ ലഭിച്ചത്. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നും കൃഷ്ണൻ പറഞ്ഞു.
അതേസമയം, പ്രതീക്ഷിച്ച പരാമവധി ശിക്ഷ ലഭിച്ചില്ലെന്നും കുറഞ്ഞുപോയെന്നും അമൃത പ്രതികരിച്ചു. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്നായിരുന്നു കരുതിയത്. അവര്‍ തിരിച്ച് നാട്ടിലെത്തിയാല്‍ ഇത് ആവര്‍ത്തിക്കും. ഇനി ആര്‍ക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്നും അമൃത കൂട്ടിച്ചേർത്തു.
തങ്ങളുടെ മക്കളെ ഇല്ലാതാക്കിയവര്‍ക്ക് ശിക്ഷ കിട്ടാന്‍ ആറുവര്‍ഷമായി കാത്തിരിക്കുകയായിരുന്നുവെന്ന് കൃപേഷിന്റെ അമ്മ ബാലാമണി പ്രതികരിച്ചു. അതേസമയം, തന്റെ ആങ്ങളമാര്‍ക്ക് നീതിലഭിച്ചെന്നും ആറുവര്‍ഷത്തെ പോരാട്ടത്തിന്റെ ഫലമാണ് ഇന്നുണ്ടായത്. വെറുതേ വിട്ടവര്‍ക്കും ശിക്ഷ കിട്ടണമെന്നാണ് ആഗ്രഹമെന്നും കൃപേഷിന്റെ സഹോദരി കൃപ പറഞ്ഞു.
അതേസമയം വിധിയില്‍ തൃപ്തരല്ലെന്ന് കൃപേഷിന്റെ മറ്റൊരു സഹോദരി കൃഷ്ണപ്രിയ പ്രതികരിച്ചു. നഷ്ടപ്പെട്ടവര്‍ക്കേ അതിന്റെ വേദന മനസിലാവുകയുള്ളൂ. ഇരട്ടജീവപര്യന്തം ശിക്ഷയില്‍ അപ്പീല്‍ പോകുമെന്നും കൃഷ്ണപ്രിയ കൂട്ടിച്ചേര്‍ത്തു.
പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ശരത്ലാലിന്റെ സഹോദരി അമൃതയും മാധ്യമങ്ങളോട് പറഞ്ഞു.
ശിക്ഷാപ്രഖ്യാപനത്തിന് പിന്നാലെ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് കാസർഗോഡ് കല്ല്യോട്ടെ കൃപേഷിന്റെയും ശരത് ലാലിന്റെയും സ്മൃതിമണ്ഡപം സാക്ഷ്യം വഹിച്ചത്. വിധി വന്നതോടെ കൃപേഷിന്റെ അമ്മയും ശരത് ലാലിന്റെ പിതാവും സ്മൃതികുടീരത്തിനരികെ പൊട്ടിക്കരഞ്ഞു.