കാരവനില്‍ യുവാക്കളുടെ മരണം; കാര്‍ബണ്‍ മോണോക്സൈഡ് എങ്ങനെ എത്തി?, സംയുക്ത പരിശോധന നാളെ
Thursday, January 2, 2025 9:12 PM IST
കോഴിക്കോട്: വടകരയിൽ കാരവനിൽ രണ്ടുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംയുക്ത പരിശോധനയ്ക്ക് ഒരുങ്ങി അന്വേഷണസംഘം. എൻഐടി വിദഗ്ധരും പോലീസും ഫൊറൻസിക്, സയന്റിഫിക് , കാരവൻ നിർമാണ കമ്പനി സാങ്കേതിക വിദഗ്ധരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമാണ് സംഘത്തിലുള്ളത്.
ഇങ്ങനെയുള്ള മരണങ്ങള് അപൂര്വമാണെന്നതിനാലാണ് സംയുക്ത പരിശോധന നടത്താന്‍ തീരുമാനിച്ചത്. നാളെ രാവിലെയാണു പരിശോധന നടത്തുക. കാര്‍ബണ്‍ മോണോക്സൈഡ് കാരവനിൽ എത്തിയത് എങ്ങനെയെന്ന് കണ്ടെത്തുകയാണു സംയുക്ത പരിശോധനയുടെ ലക്ഷ്യം.
ദീർഘനേരം വാഹനം ഓടാതെ എസി മാത്രം പ്രവര്‍ത്തിപ്പിക്കുന്നതു കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം കൂട്ടുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുമുള്ളത്. ഉറങ്ങിക്കിടക്കുമ്പോഴാണ് കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിക്കുന്നതെങ്കില്‍ ആൾ മരിക്കാനുള്ള സാധ്യത കൂടുതലാണ്.
മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂർ പറശേരി സ്വദേശി ജോയൽ എന്നിവരെയാണ് കാരവനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഡിസംബര്‍ 23നായിരുന്നു നാടിനെ നടുക്കിയ സംഭവം. പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറായിരുന്നു മനോജ്.
ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ. തിരക്കേറിയ റോഡിനുസമീപം വണ്ടി ഏറെ നേരം നിർത്തിയിട്ടത് ശ്രദ്ധയിൽപെട്ടതിനാൽ നാട്ടുകാർ ആദ്യം പോലീസിനെ അറിയിക്കുകയും തുടർന്നു നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ വിവാഹ ആവശ്യത്തിന് മലപ്പുറത്തുനിന്നെത്തിയ കാരവന് തിങ്കളാഴ്ച വൈകുന്നേരം വരെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.