യുപിഐ ഇടപാടിൽ ഡിസംബറിൽ രാജ്യത്ത് സർവകാല റിക്കാർഡ്
എസ്.ആർ. സുധീർ കുമാർ
Thursday, January 2, 2025 7:32 PM IST
കൊല്ലം: ഇടപാടുകളില്‍ സർവകാല റിക്കോർഡിട്ട് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപി ഐ). ഇക്കഴിഞ്ഞ ഡിസംബറില്‍ 16.73 ബില്യണ്‍ ഇടപാടുകള്‍ നടത്തിയാണ് റിക്കോഡ് നേട്ടം കൈവരിച്ചത്. ഇടപാടുകളില്‍ നവംബർ മാസത്തിനേക്കാൾ എട്ട് ശതമാനം വര്‍ധനയാണുണ്ടായതെന്ന് നാഷണല്‍ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് യുപിഐ പേയ്മെന്റ് സംവിധാനം നിലവിൽ വന്നത് 2016 ഏപ്രിലിലാണ്. അതിന് ശേഷം ഇടപാടുകളിൽ ഏറ്റവും വലിയ വർധനയാണ് ഇക്കഴിഞ്ഞ ഡിസംബറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നവംബറിൽ 21.55 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് യുപിഐയിലൂടെ നടന്നത്. ഡിസംബറില്‍ 23.25 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ നടന്നു.
ചെറിയ തുകളുടെ ഇടപാടുകള്‍ കൂടുതൽ നടത്തിയാണ് ഈ നേട്ടം കൈവരിച്ചതെന്നത് ഏറെ ശ്രദ്ധേയമാണ്. യുപിഐയുടെ ഡിസംബറിലെ പ്രതിദിന ഇടപാടുകള്‍ നവംബറിലെ 51 കോടിയില്‍ നിന്ന് 54 കോടിയായി ഉയര്‍ന്നു.
പ്രതിദിന ഇടപാട് മൂല്യവും നവംബറിലെ 71,840 കോടി രൂപയില്‍ നിന്ന് 74,990 കോടി രൂപയായി. 2023 ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 39 ശതമാനം വളര്‍ച്ചയും ഇടപാട് മൂല്യത്തില്‍ 28 ശതമാനം വര്‍ധനയും രേഖപ്പെടുത്തി.
2023-ല്‍ 118 ബില്യണ്‍ ആയിരുന്നു ഇടപാടുകള്‍. 2024-ല്‍ 172 ബില്യണ്‍ ഇടപാടുകള്‍ നടന്നു. 46 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഏകദേശം 247 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞ വര്‍ഷം നടന്നത്. ഇടപാടുകളുടെ മൂല്യത്തില്‍ 2023-നെക്കാൾ 35 ശതമാനം വര്‍ധനയുണ്ടായിരിക്കുന്നത്.
ഡിസംബറിലെ കണക്കുകള്‍ വരുന്നതിന് മുമ്പ് കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഏറ്റവും ഉയര്‍ന്ന ഇടപാടുകള്‍ നടന്നത്. 23.5 ലക്ഷം കോടി രൂപ മൂല്യമുള്ള 16.58 ബില്യണ്‍ ഇടപാടുകളാണ് ഒക്ടോബറില്‍ നടന്നത്. പുതുവർഷത്തിൽ ഇടപാടുകൾ ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷ.