ഉമ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
Thursday, January 2, 2025 6:52 PM IST
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ശ്വാസകോശത്തിന് പുറത്ത് വെള്ളം കെട്ടുന്ന അവസ്ഥയുള്ളതിനാൽ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.
ഈ സാഹചര്യത്തിൽ വെന്റിലേറ്ററിൽ തുടരേണ്ടതുണ്ട്. നിരീക്ഷണം തുടരേണ്ടതുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി.
അതിനിടെ ഗിന്നസ് റിക്കാർഡിന്റെ പേരിൽ നടന്ന കൊച്ചിയിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്തുവന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്.
വേദിയിൽ സ്ഥലമില്ലായിരുന്നു എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പിൻനിരയിൽ നിന്ന് ഉമ തോമസ് മുൻനിരയിലേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം.
ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരിക്കുന്നു. മന്ത്രിയും എഡിജിപിയും നോക്കി നിൽക്കുകയായിരുന്നു അപകടം.