തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരതിന് ഇനി 20 കോച്ചുകൾ
Thursday, January 2, 2025 2:32 PM IST
കൊല്ലം: കോട്ടയം വഴിയുള്ള തിരുവനന്തപുരം - കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം 20 ആക്കി ഉയർത്താൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. നിലവിൽ 16 കോച്ചുകളാണ് ഈ വണ്ടിക്കുള്ളത്.
ദക്ഷിണ റെയിൽവേയുടെ കൈവശമുള്ള പുതിയ 20 റേക്ക് ട്രെയിൻ ആയിരിക്കും ഇതിനായി ഉപയോഗിക്കുക. ഈ റേക്കുകൾ ഇപ്പോൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഉള്ളത്. അവ ഉടൻ കേരളത്തിൽ എത്തിക്കും. തുടർന്ന് പരീക്ഷണ ഓട്ടവും നടത്തേണ്ടതുണ്ട്.
അതിനു ശേഷം 20 കോച്ചുകൾ ഉള്ള വണ്ടി ഓടി തുടങ്ങും. എന്ന് മുതൽ ഇത് ആരംഭിമെന്ന് റെയിൽവേ പ്രഖ്യാപിച്ചിട്ടില്ല. 20 കോച്ചുകൾ ഉള്ള വണ്ടി സർവീസ് തുടങ്ങുമ്പോൾ നിലവിലെ 16 കോച്ചുകൾ ഉള്ള ട്രെയിൻ ദക്ഷിണ റെയിൽവേയിൽ തന്നെ നിലനിർത്താനും റെയിൽവേ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഇത് കേരളത്തിന് വലിയ പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്.
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി മംഗളൂരു സെൻട്രലിന് പോകുന്ന വന്ദേഭാരത് എക്സ്പ്രസിന് എട്ട് കോച്ചുകൾ മാത്രമാണ് ഉള്ളത്. ഈ വണ്ടി 16 കോച്ചുകളിലേയ്ക്ക് മാറാൻ സാധ്യതയുണ്ട്. അതിനാലാണ് 16 കോച്ചുകൾ ഉള്ള വന്ദേഭാരത് ഇവിടെ തന്നെ നിലനിർത്താൻ നിർദേശം നൽകിയതെന്നാണ് സൂചന.
തിരുവനന്തപുരത്ത് നിന്ന് കാസർഗോഡിനും മംഗളുരു സെൻട്രലിനും ഉള്ള രണ്ട് വന്ദേഭാരത് എക്സ്പ്രസുകളും യാത്രക്കാരുടെ 100 ശതമാനം ഒക്കുപ്പൻസിയിലാണ് പ്രതിദിനം സർവീസ് നടത്തുന്നത്. അതുകൊണ്ട് തന്നെ ഇവയിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ റെയിൽവേ മുന്തിയ പരിഗണനയാണ് നൽകുന്നത്.