കെഎഫ്സിക്കെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ്
Thursday, January 2, 2025 11:24 AM IST
തിരുവനന്തപുരം: കേരളാ ഫിനാൻഷ്യൽ കോർപറേഷനെതിരേ (കെഎഫ്സി) അഴിമതിയാരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെഎഫ്സി അനിൽ അംബാനിയുടെ റിലയൻസ് കൊമേഴ്സ് ഫിനാൻസ് ലിമിറ്റഡിൽ (ആർസിഎഫ്എൽ) 60 കോടി രൂപ നിക്ഷേപിച്ചുവെന്ന് സതീശൻ ആരോപിച്ചു.
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കെഎഫ്സിയുടെ പണം നിക്ഷേപിക്കാൻ പാടില്ലെന്ന ചട്ടങ്ങളും നിയമവും ലംഘിച്ചാണ് ആർസിഎഫ്എൽ എന്ന കന്പനിയിൽ പണം നിക്ഷേപിച്ചത്. അംബാനിയുടെ കന്പനി നഷ്ടം നേരിട്ട കാലയളവിലാണ് കെഎഫ്സി പണം നിക്ഷേപിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
2018-ലാണ് അനിൽ അംബാനിയുടെ കന്പനിയിൽ തുക നിക്ഷേപിച്ചത്. 2019-ൽ ആർസിഎഫ്എൽ കന്പനി പൂട്ടി. പലിശയുൾപ്പെടെ കെഎഫ്സിക്ക് കിട്ടേണ്ടത് 101 കോടി രൂപയാണ്. എന്നാൽ 7.50 കോടി മാത്രമാണ് തിരികെ ലഭിച്ചത്.
കെഎഫ്സിയുടെ വാർഷിക റിപ്പോർട്ടിൽ നിന്നും അംബാനിയുടെ കന്പനിയിൽ പണം നിക്ഷേപിച്ച കാര്യം മറച്ചുവച്ചു. ഭരണ നേതൃത്വത്തിന്റെ അറിവോടെ നടന്ന അഴിമതിയാണിതെന്നും പലരും കോടികൾ കമ്മീഷൻ നേടിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അഴിമതിക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയാറാകണം. പണം നിക്ഷേപിക്കുന്നതിന് മുന്‍പ് അവരുടെ സാമ്പത്തിക അവസ്ഥയെങ്കിലും പരിശോധിക്കേണ്ടതുണ്ടായിരുന്നു. ഇടത്തരം ചെറുകിട സംരംഭങ്ങള്‍ക്ക് ലഭിക്കേണ്ട ഫണ്ടാണ് യാതൊരു ഉത്തരവാദിത്വവുമില്ലാതെ അനില്‍ അംബാനിയുടെ സ്വകാര്യധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിച്ചത്. ഇതിന് പിന്നില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പാണ് ഉണ്ടായത്.
കമ്പനിയില്‍ നിന്ന് കമ്മീഷന് വാങ്ങിയ ശേഷം ഭരണനേതൃത്വത്തിന്റെ അറിവോടെയാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. അക്കാലത്ത് മാധ്യമങ്ങൾ അനില്‍ അംബാനിയുടെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ചതാണ്. ഇതിനെ കുറിച്ച് നിയമസഭയില്‍ ചോദ്യം ചോദിച്ചിട്ടും ഇതുവരെ ധനകാര്യമന്ത്രി ഉത്തരം തന്നിട്ടില്ലെന്നും വി.ഡി. സതീശൻ ആരോപിച്ചു.