കത്തിക്കരിഞ്ഞ കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം
Thursday, January 2, 2025 9:19 AM IST
അഞ്ചല്‍: ആയൂരിനു സമീപം ചടയമംഗലം പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട ഒഴുകുപാറയ്ക്കലിൽ കാറിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാറും കത്തി നശിച്ച നിലയിലാണ്. പഴയ ബിവറേജസ് മദ്യവില്പന ശാലയ്ക്ക് സമീപം നൂറടിയോളം താഴ്ചയിലായി നാട്ടുകാരാണ് കാറും മൃതദേഹവും കണ്ടെത്തിയത്.
റബർ മരങ്ങൾ മുറിച്ച സ്ഥലത്ത് താഴ്ചയിലേക്ക് മറിഞ്ഞ നിലയിലായിരുന്നു കാർ. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ചടയമംഗലം പോലീസ് സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തി. ഒഴുകുപാറയ്ക്കല്‍ സ്വദേശി ലെനീഷ് റോബിൻസ് എന്നയാളാണ് മരിച്ചതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
കാറും മൃതദേഹത്തിൽ കണ്ട മാലയും തിരിച്ചറിഞ്ഞതോടെയാണ് മരിച്ചത് ലെനീഷാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചത്. എന്നാല്‍ മരണം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ഇനിയും വ്യക്തമാകേണ്ടതുണ്ട്.
കൊല്ലത്ത് നിന്നും ഫോറന്‍സിക് സംഘം ഉള്‍പ്പടെയുള്ള വിദഗ്ധർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകട മരണമാണോ ആത്മഹത്യയാണോ എന്നത് സംബന്ധിച്ചുള്ള വിവരവും വ്യക്തമല്ല. കഴിഞ്ഞ ദിവസം രാത്രിയില്‍ ഭാര്യയുമായി ഫോണില്‍ സംസാരിച്ച ലെനീഷിനെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചില്ല.
ഇതോടെ ഭാര്യ അഞ്ചല്‍ പോലീസില്‍ ഇന്ന് രാവിലെ പരാതിയും നല്‍കിയിരുന്നു. ഇതിനിടയിലാണ് കത്തിയ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. കൂടുതല്‍ പരിശോധനയിലും അന്വേഷണത്തിലും മാത്രമേ മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് ചടയമംഗലം പോലീസ് പറഞ്ഞു