കണ്ണൂർ സ്കൂൾ ബസ് അപകടം; ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡിയുടെ റിപ്പോർട്ട്
Thursday, January 2, 2025 7:21 AM IST
കണ്ണൂർ: അപകടത്തിൽപ്പെട്ട സ്കൂൾ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡി പ്രാഥമിക റിപ്പോർട്ട്. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രാഥമിക നിഗമനം.
ഫോൺ ഉപയോഗിച്ചതിനാൽ ശ്രദ്ധ പാളിയതാകാൻ സാധ്യതയുണ്ടെന്നും എംവിഐ ഉദ്യോഗസ്ഥന് പറഞ്ഞു. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ.
അശാസ്ത്രീയമായി നിർമിച്ച റോഡും അപകടകാരണമായെന്നാണ് നിഗമനം. സ്കൂളിൽനിന്നു കുട്ടികളെ വീടുകളിലേക്ക് എത്തിക്കുന്നതിനിടെയാണ് സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിനി മരിച്ചത്. 20 പേർക്ക് പരിക്കേറ്റു.
കുറുമാത്തൂർ ചിന്മയ സ്കൂൾ ബസാണ് ഇന്നലെ വൈകുന്നേരം ശ്രീകണ്ഠപുരം റോഡിൽ വളക്കൈയിൽ അപകടത്തിൽപ്പെട്ടത്. അഞ്ചാം ക്ലാസ് വിദ്യാർഥിനി ചൊറുക്കള നാഗത്തിനു സമീപം എം.പി രാജേഷ്-സീന ദന്പതികളുടെ മകൾ നേദ്യ എസ്. രാജേഷാണ് (11) മരിച്ചത്.