സ്കൂട്ടറിൽ ലോറി തട്ടി; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Wednesday, January 1, 2025 8:04 PM IST
ചേർത്തല: സ്കൂട്ടറിൽ ലോറി തട്ടിയതിനെ തുടർന്ന് ലോറിക്കടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ദേശീയ പാതയിൽ പട്ടണക്കാട് മഹാദേവ ക്ഷേത്രത്തിന്ന് സമീപമുണ്ടായ അപകടത്തിൽ തണ്ണീർമുക്കം അശ്വതി ഭവനത്തിൽ അപ്പുക്കുട്ടന്റെ ഭാര്യ രതി (60) ആണ് മരിച്ചത്.
രതിയുടെ ഭർത്താവ് അപ്പുക്കുട്ടനാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ലോറി വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ലോറിക്കടിയിൽപ്പെട്ട രതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗുരുതരമായി പരിക്കേറ്റ അപ്പുക്കുട്ടൻ ആശുപത്രിയിൽ ചികിത്സയിലാണ്. പട്ടണക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.